മാവേലിക്കര : മാവേലിക്കരയിലെ നിയമപാലകർക്ക് സ്നേഹത്തിന്റെ സദ്യവട്ടമൊരുക്കി എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ക്രമസമാധന സംരക്ഷണവും വീഴ്ച കൂടാതെ നടത്തി വരുന്ന മാവേലിക്കര എസ്.എച്ച്.ഒ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള നാല്പതോളം വരുന്ന പൊലീസ് സംഘത്തോടുള്ള ആദരവായാണ് മാവേലിക്കര യൂണിയന്റെ നേതൃത്വത്തിൽ ഇന്നലെ പൊലീസ് സ്റ്റേഷനിൽ ഉച്ചഭക്ഷണമൊരുക്കിയത്. ഇറച്ചി,മീൻ ഉൾപ്പെടയുള്ള കറികളും പായസവുമുൾപ്പെടെയായിരുന്നു സദ്യവട്ടം. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ പൊലീസുകാർ ഒരുമിച്ചിരുന്നല്ല, ഓരോരുത്തരായി എത്തിയാണ് ഭക്ഷണം കഴിച്ചത്. യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. സിനിൽ മുണ്ടപ്പളളി,ദയകുമാർ ചെന്നിത്തല, രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്ര, മുരളി അഷ്ടമി, സുരേഷ് കുമാർ പള്ളിക്കൽ , രാധാകൃഷ്ണൻ, ലത സുരേന്ദ്രൻ, മോഹനൻ, വിനോദ്, രാധാകൃഷ്ണൻ അനിൽകമാർ, ബിനു ധർമ്മരാജ്,ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി. ഇതു കൂടാതെ ലോക്ക് ഡൗൺ കാരണം ഉച്ചഭക്ഷണം കിട്ടാതെ തെരുവോരങ്ങളിൽ കഴിയുന്നവർക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും ഉൾപ്പെടെ കഴിഞ്ഞ നാല് ദിവസമായി യൂണിയൻ ഉച്ചഭക്ഷണം നൽകുന്നുണ്ട്. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഭക്ഷണവിതരണം. തെക്കേക്കര മേഖലയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ നൂറ് കണക്കിന് ഭക്ഷണപ്പൊതികൾ ഇന്നലെ വിതരണത്തിനായി കൈമാറി. ഇന്ന് വള്ളികുന്നം മേഖലയുടെ ആഭിമുഖ്യത്തിൽ ഉച്ചഭക്ഷണം വിതരണം ചെയ്യും. കാർത്തികേയൻ വാളാച്ചാൽ, അഭിലാഷ്, ഗോപി, ശ്രാവൺ എന്നീവർ നേതൃത്വം നൽകും.