chel

ആലപ്പുഴ:ആദിത്യപൂജയിലെ ഒഴിവാക്കാനാകാത്ത ഇനമാണ് പൂവൻപഴം. കൊവിഡിന്റെ അപ്രതീക്ഷിത വരവിൽ ഇക്കൊല്ലത്തെ ആദിത്യപൂജകൾ റദ്ദായി.പൂജ ലക്ഷ്യമിട്ട് ഒന്നര ഏക്കർ സ്ഥലത്ത് പൂവൻവാഴ കൃഷി ചെയ്തിട്ടുണ്ടെങ്കിലും ചെറുവാരണം തട്ടുപുരയ്ക്കൽ എസ് .ചെല്ലപ്പൻ(76) എന്ന കർഷകന് തെല്ലും ആശങ്കയില്ല. ഒന്നാംതരം പൂവൻകായാണ് വിളവെടുപ്പിന് തയ്യാറായി നിൽക്കുന്നത്.ചെല്ലപ്പന്റെ കൃഷി രീതിയെക്കുറിച്ച് അറിയാവുന്ന നാട്ടുകാരും കച്ചവടക്കാരും ഒരു മടിയുമില്ലാതെ കുലവാങ്ങുമെന്ന് ഇദ്ദേഹത്തിന് നല്ല ഉറപ്പ് .

അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ ജനകീയ വഴിപാടുകളിലൊന്നായ ആദിത്യ പൂജയ്ക്ക് പൂവൻപഴം കൂടിയേ തീരൂ.മീനം,മേട മാസങ്ങളിൽ വിളവെടുപ്പിനു ശേഷം പ്രധാനമായും വയലുകളിലാണ് ആദിത്യപൂജകൾ സംഘടിപ്പിക്കാറുള്ളത്. പ്രദേശത്തെ ജനങ്ങൾ രണ്ടു മൂന്നു ദിവസം ഒന്നിച്ചു ചേർണാണ് കാർഷിക അഭിവൃദ്ധിക്കായി ആദിത്യപൂജ നടത്തുന്നത്.

ചെറുവാരണം കയർ മാ​റ്റ്സ് & മാ​റ്റിംഗ്സ് സഹകരണ സംഘം പ്രസിഡന്റും പൊതു പ്രവർത്തകനും സി.പി.എം ചെറുവാരണം ലോക്കൽ കമ്മിറ്റിയംഗവുമായ ചെല്ലപ്പൻ എല്ലാ വർഷവും പൂജയ്ക്ക് വേണ്ടി 150 ഓളം പൂവൻ വാഴകൾ കൃഷി ചെയ്യും.പൂജയ്ക്ക് വളരെ ദിവസം മുമ്പ് തന്നെ ആവശ്യക്കാർ കുലകൾ ബുക്ക് ചെയ്യുന്നതാണ് പതിവ്. പക്ഷെ ഇക്കുറി ബുക്ക് ചെയ്തവർക്കും കുല വേണ്ടാത്ത സ്ഥിതിയായി. പ്രാദേശിക വിൽപനയ്ക്ക് കടകൾ പലതും അവധിയിലുമാണ്. എങ്കിലും ഇപ്പോൾ വീട്ടാവശ്യത്തിനായി നിരവധി പേർ കുല വാങ്ങാനെത്തുന്നുണ്ട്.കിലോയ്ക്ക് 40 രൂപയ്ക്കാണ് വില്പന.

ചെല്ലപ്പന്റെ കൃഷിയിടത്തിൽ പൂവൻ വാഴയ്ക്ക് പുറമെ ഞാലിപ്പൂവൻ, ഏത്തൻ എന്നിവയും നെല്ലും പച്ചക്കറിയും കിഴങ്ങുവർഗ്ഗങ്ങളും കൃഷി ചെയ്തു വരുന്നു. കാർഷിക വൃത്തിയിലേർപ്പെടുന്നത് മാനസിക ഉല്ലാസവും ഒപ്പം വരുമാനവും നൽകുന്നുണ്ടെന്ന് നാട്ടുകാർക്കിടയിൽ 'എസ്' എന്ന വിളിപ്പേരിലറിയപ്പെടുന്ന ചെല്ലപ്പൻ പറയുന്നു. റെയിൽവേ ജീവനക്കാരനായ മകൻ ഗിരീഷും വ്യവസായ വകുപ്പ് ജീവനക്കാരനും എൻ.ജി.ഒ.യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ മകൻ സി.സിലീഷും കാർഷിക വൃത്തിയിൽ സഹായത്തിനുണ്ട്.