ആലപ്പുഴ: അപ്രതീക്ഷിതമായിരുന്നു ലോക്ക് ഡൗൺ. എന്തെങ്കിലും മുന്നറിയിപ്പ് കിട്ടിയിരുന്നെങ്കിൽ നേരത്തെ വെട്ടി ഒതുക്കിയേനെ. ചേട്ടൻ സഹായിക്കണം... അഭ്യർത്ഥനയുമായെത്തിയ യുവാവിന് ബാർബർ മോഹനൻ സ്നേഹപൂർവം മറുപടി നൽകി 'ആദ്യം സാമൂഹിക അകലം പാലിക്കൂ...മുടിയൊക്കെ പിന്നെ വെട്ടാം'. മുടിവെട്ടിക്കൊടുക്കണം എന്ന അഭ്യർത്ഥനയുമായി പലരും ദിവസവും ബാർബർമാരെ അന്വേഷിച്ചെത്തുകയാണ്. എത്ര അപേക്ഷിച്ചാലും ഈ 'കേസ്" പരിഗണിക്കേണ്ടതില്ലെന്നാണ് ബാർബേഴ്സ് ആൻഡ് ബ്യൂട്ടിഷ്യൻസ് അസോസിയേഷന്റെ തീരുമാനം. ആളുകളുമായി ഏറ്റവും കൂടുതൽ അടുത്ത് ഇടപഴകുന്ന വിഭാഗമാണ് ബാർബർമാരും ബ്യൂട്ടിഷ്യൻമാരും. ദിവസവും നിരവധിപ്പേരെ സ്പർശിക്കുന്നതിനാൽ രോഗ വ്യാപനത്തിനുള്ള സാദ്ധ്യത മനസിലാക്കിയാണ് ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് മുമ്പ് തന്നെ കടകൾ എല്ലാം അനിശ്ചിതകാലത്തേക്ക് അടയ്ക്കാൻ അസോസിയേഷൻ തീരുമാനിച്ചതെന്ന് സംസ്ഥാന സെക്രട്ടറി എസ്.മോഹനൻ പറയുന്നു.