വള്ളികുന്നം: വഴിയാത്രക്കാരായ വൃദ്ധരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ചവിട്ടിവീഴ്ത്തി ആക്രമിച്ചു. വള്ളികുന്നം വാഴപ്പിളേത്തു വിളയിൽ ചെറിയാൻ ഡാനിയേൽ (70), എം ആർ മുക്ക് മുല്ലോലിൽ തെക്കതിൽ ശിവരാമൻ നായർ (71) എന്നിവർക്കാണു അതിക്രൂരമായി മർദ്ദനമേറ്റത്. ഇന്നലെ പുലർച്ചെ അഞ്ചരയോടെ വള്ളികുന്നം പുത്തൻചന്ത പാൽ സൊസൈറ്റിക്കും എംആർ ജംഗ്ഷനും സമീപമായിരുന്നു സംഭവം. അസഭ്യം പറഞ്ഞ് ബൈക്കിൽ സഞ്ചരിച്ച സംഘം നടന്നു പോകുന്നതിനിടെ ഇവരെ ചവിട്ടി വീഴ്ത്തുകയായി​രുന്നു. റോഡിൽ വീണ ഇവരെ സംഘം മർദ്ദിച്ചശേഷം കടക്കുകയായിരുന്നുവെന്ന് പൊലീസിനോടു വയോധികർ പറഞ്ഞു. നിലവിളി കേട്ടു ഓടിയെത്തിയ നാട്ടുകാരിൽ ചിലർ ഇവർക്കു പിന്നാലെ പോയെങ്കിലും കണ്ടെത്താനായി​ല്ല. തുടർന്ന് വയോധികരെ സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വള്ളികുന്നം പൊലീസിൽ പരാതി നൽകി. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു പ്രതികളെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശം കഞ്ചാവ് സംഘങ്ങളുടെയും സാമൂഹ്യ വിരുദ്ധരുടെയും പിടിയിലാണെന്നും ലോക്ക് ഡൗൺ ആയിട്ടു പോലും നിയന്ത്രണം പാലിക്കുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.