ആലപ്പുഴ: സൗജന്യ റേഷൻ വിതരണത്തിന്റെ രണ്ടാം ദിവസം ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് പരാതികൾ ഉയർന്നു. അരിയുടെ തൂക്കത്തിലെ കുറവിനെപ്പറ്റിയായിരുന്നു പ്രധാന പരാതി. പൂങ്കാവ് തീർത്ഥശേരിയിൽ തൂക്കി നൽകിയ അരിയിൽ രണ്ടരക്കിലോ കുറവുണ്ടെന്നുള്ള കാർഡുടമയുടെ പരാതി സത്യമെന്ന് ബോദ്ധ്യപ്പെട്ടതോടെ പിന്നീട് മുഴുവൻ ഭക്ഷ്യധാന്യവും നൽകി പ്രശ്നം പരിഹരിച്ചു. കായംകുളം മേഖലയിലെ കടകൾക്കെതിരെയാണ് വ്യാപകമായി പരാതികൾ ഉയർന്നത്. സംഭവത്തിൽ സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ അന്വേഷണം ആരംഭിച്ചു. കാർഡുടമകൾക്ക് കൃത്യമായ അളവിൽ സാധനം നൽകുന്നതിൽ വ്യാപാരികൾ വീഴ്ച്ച വരുത്തിയാൽ അവരെ സംരക്ഷിക്കില്ലെന്ന് കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു. 4,5 അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡുകാർക്കാണ് ഇന്ന് സൗജന്യ റേഷൻ വാങ്ങുന്നതിൽ മുൻഗണന.