ആലപ്പുഴ: ലോക്ക് ഡൗണിനെത്തുടർന്ന് ജില്ലാ സെഷൻസ് കോടതി വീഡിയോ കോൺഫറൻസിലൂടെ കേസുകൾ പരിഗണിക്കാൻ തുടങ്ങി. കോടതിയുടെ മുൻകൂർ അനുമതി വാങ്ങിയ ശേഷം ഇ- മെയിൽ വഴി ഫയൽ ചെയ്‌ത അഞ്ച് കേസുകളാണ് ഇന്നലെ പരിഗണിച്ചത്. ഏഴ് വർഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽപ്പെട്ട പ്രതികളുടെ ജാമ്യാപേക്ഷകളായിരുന്നു എല്ലാം. ജില്ലാ സെഷൻസ് ജഡ്‌ജി എ.ബദറുദീൻ, ഗവൺമെന്റ് പ്ലീഡർ ടി.ജി.സനൽകുമാർ, പ്രതിഭാഗം അഭിഭാഷകൻ വി.വിജയകുമാർ എന്നിവരാണ് വാട്സ് ആപ്പ് വീഡിയോ കോൺഫറൻസിൽ പങ്കെടുത്തത്. കേസുകളുടെ വിധിപ്പകർപ്പ് ഇ-മെയിൽ മുഖേന അഭിഭാഷകന് അയച്ചു നൽകി. നാല് കേസുകളിൽ ജാമ്യം അനുവദിച്ച കോടതി ഒരെണ്ണം തള്ളി.