ആലപ്പുഴ: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി അമ്പലപ്പുഴ താലൂക്കിലെ കലവൂർ വില്ലേജിൽ പട്ടയം നൽകിയ എട്ട് കുടുംബങ്ങൾക്ക് ഭൂമിയിൽ പ്രവേശിക്കുന്നതിന് വഴിസൗകര്യം അടിയന്തിരമായി ലഭ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
വഴി ലഭ്യമാക്കിയശേഷം മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി 3 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നു കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ആവശ്യപ്പെട്ടു.
പട്ടയം കിട്ടിയ ഭൂമിയിൽ പ്രവേശിക്കാൻ വഴിയില്ലാതായതിനെ തുടർന്ന് കുടുംബാംഗങ്ങൾ വില്ലേജ് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തിയിരുന്നു.സഞ്ചാര സ്വാതന്ത്റ്യം അനുവദിക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയെങ്കിലും നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടത്.മനുഷ്യാവകാശ പ്രവർത്തകനായ എം. ജയമോഹൻ സമർപ്പിച്ച പരാതിയിലാണ് നടപടി.