അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിളമ്പി മന്ത്രി ജി. സുധാകരൻ. ഡി .വൈ .എഫ് .ഐ അമ്പലപ്പുഴ ബ്ലോക്കു കമ്മിറ്റിയുടെ സഹായത്തോടെ ചേതന പാലിയേറ്റിവ് കെയർ സൊസൈറ്റി നൽകുന്ന നൽകുന്ന വിതരണം ചെയ്യുന്ന ഭക്ഷണമാണ് മന്ത്രി ജി. സുധാകരൻ ആശുപത്രിയിലെത്തി വിളമ്പി നൽകിയത്. കൊവിഡ് 19 ന്റെ ഭാഗമായുള്ള ലോക്ക് ഡൗൺ കാലത്ത് വീടുകളിലെത്തിയുള്ള ഭക്ഷണ ശേഖരണം ഡി.വൈഎഫ്.ഐ നിർത്തിയതിനെ തുടർന്നാണ് 'ചേതന" ഭക്ഷണ വിതരണം ഏറ്റെടുത്തത്. ആശുപത്രി കാന്റിനിൽ പാചകം ചെയ്ത് രോഗികളോ കൂട്ടിരിപ്പുകാരോ എത്തിക്കുന്ന പാത്രങ്ങളിലാണ് ഭക്ഷണം വിളമ്പി നൽകുന്നത്. ഇതിനായി ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുള്ള സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്ന് മന്ത്രി പറഞ്ഞു. പരിചരണത്തിന് ബന്ധുക്കളോ, കൂട്ടിരിപ്പുകാരോ ഇല്ലാത്ത രോഗികൾക്ക് വാർഡിൽ ഭക്ഷണമെത്തിച്ചു നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു. ചേതന സെക്രട്ടറി എച്ച് .സലാം, സി.പി.എം ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ, അംഗങ്ങളായ സി. ഷാംജി, പി. ലിജിൻകുമാർ, എ .പി.ഗുരുലാൽ, ഡി .വൈ .എഫ് .ഐ ബ്ലോക്ക് സെക്രട്ടറി ജി. വേണുഗോപാൽ, ചേതന ലാബ് ചെയർമാൻ എ. ഹാഷിം, വി .രാജൻ എന്നിവർ പങ്കെടുത്തു.