മാന്നാർ: ബുധന്നൂർ പഞ്ചായത്തിലെ എല്ലാ വീടുകളിലും വിഷു ദിവസം പച്ചക്കറി കൃഷി ആരംഭിക്കും. വഴുതന, വെണ്ട, മുളക്, പയർ, ചീര, പാവൽ, വെള്ളരി എന്നിവയുടെ പത്ത് വിത്തുകൾ വീതം അടങ്ങിയ പായ്ക്കറ്റുകൾ എല്ലാ കുടുംബങ്ങൾക്കും ഹെൽത്ത് വോളണ്ടിയേഴ്‌സും ആശാ പ്രവർത്തകരും നൽകും. 10 മുതൽ 13 വരെയുള്ള തീയതികളിലായി ഒരോ വീടുകളിലും 70 തടങ്ങൾ വീതം ഒരുക്കും. വിത്തുകൾ മുളപ്പിച്ച് 14 ാം തീയതി വിഷു ദിനത്തിൽ എല്ലാ വീടുകളിലും കൃഷി ഇറക്കും. ഇതിന് ആവശ്യമായ ജൈവവളം പിന്നീട് നൽകും.
ലോക്ക് ഡൗൺ കാലയളവിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. പച്ചക്കറി കൃഷിക്കായി വികസന ഫണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ ചെലവാക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതായി പ്രസിഡന്റ് അഡ്വ. പി. വിശ്വംഭരപ്പണിക്കർ അറിയിച്ചു.