ചില്ലുകൾ തെറിച്ച് വീണ് പൊലീസുകാരന് പരിക്ക്
ചേർത്തല:ചേർത്തല പൊലീസ് സ്റ്റേഷൻ വളപ്പിൽ പാഴ് വസ്തുക്കൾ കത്തിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത് പരിഭ്രാന്തി പരത്തി. ട്രാഫിക് സ്റ്റേഷന്റെയും പഴയ സർക്കിൾ ഓഫീസ് കെട്ടിടത്തിന്റെയും ചില്ലുകളും സ്റ്റേഷൻ വളപ്പിൽ പിടിച്ചിട്ടിരുന്ന ജെ.സി.ബിയുടെ ചില്ലുകളും പൊട്ടിത്തെറിയിൽ തകർന്നു. തെറിച്ചു വീണ ചില്ലു പതിച്ച് സിവിൽ പൊലീസ് ഓഫീസർ ജയചന്ദ്രന്റെ കൈയ്ക്ക് നേരിയ പരിക്കേറ്റു.
ഇന്നലെ രാവിലെ 10.40ഓടെയായിരുന്നു സംഭവം. സേവനത്തിനെത്തിയ സന്നദ്ധ പ്രവർത്തകരടക്കം നിരവധിപേർ ഈ സമയം സ്റ്റേഷനിലുണ്ടായിരുന്നു.കത്തിച്ച പാഴ് വസ്തുക്കൾക്കൊപ്പം സ്റ്റേഷനിൽ പിടിച്ചെടുത്തിരുന്ന പടക്കങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കത്തിച്ച ഭാഗത്ത് നേരത്തെ പടക്കങ്ങൾ നിർവീര്യമാക്കിയിരുന്നതായും ഇത്തരത്തിൽ മണ്ണിനടിയിൽ നിർവീര്യമാകാതെ കിടന്ന പടക്കങ്ങൾ പൊട്ടിയതാണോയെന്നും സംശയിക്കുന്നുണ്ട്.കൊറോണയുടെ പശ്ചാത്തലത്തിലാണ് സ്റ്റേഷനിൽ ശുചീകരണം നടന്നത്.പെയിന്റ് ടിന്നുകൾ,സ്പ്രേ കുപ്പികൾ തുടങ്ങിയവയും പാഴ്‌വസ്തുക്കൾക്കൊപ്പം ഉൾപ്പെട്ടിരുന്നു.ഇവയും പൊട്ടിത്തെറിക്ക് കാരണമാകുമെന്നാണ് പൊലീസ് അധികൃതർ പറയുന്നത്.ചേർത്തല ഡിവൈ.എസ്.പി എ.ജി.ലാൽ സ്ഥലത്തെത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു.