കായംകുളം: സ്വന്തം പാർട്ടി നേതാക്കളെയും യുവജന സംഘടനാ പ്രവർത്തകരെയും സമൂഹ മാദ്ധ്യമങ്ങളിലൂടെ ആക്ഷേപിക്കാൻ തെല്ലും മടിയില്ലാത്ത യു. പ്രതിഭ എം.എൽ.എ, ഏറ്റവുമൊടുവിൽ വനിതകൾ അടക്കം മാദ്ധ്യമ പ്രവർത്തകരെയും അധിക്ഷേപിച്ചതോടെ എല്ലാ കോണുകളിൽ നിന്നും പ്രതിഷേധമുയരുന്നു.
ആലപ്പുഴയിലെ ഒരു ഉന്നത സി.പി.എം നേതാവിനെ യു. പ്രതിഭ ഫേസ്ബുക്കിൽ സൂരി നമ്പൂതിരിയോട് ഉപമിച്ചത് വിവാദമായിരുന്നു. പിന്നീട് കായംകുളത്തെ ഡി.വൈ.എഫ്.ഐ നേതാക്കളെ ആക്ഷേപിച്ചുകൊണ്ടാണ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. സൈബർ ഗുണ്ടകൾ എന്നാണ് വിശേഷിപ്പിച്ചത്.
മന്ത്രി കെ.കെ. ശൈലജയോടായിരുന്നു പിന്നത്തെ അങ്കം. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ, ആരോഗ്യ വകുപ്പ് തന്നെ അവഗണിക്കുന്നതായി ചൂണ്ടിക്കാട്ടി പ്രകോപനപരമായ കമന്റിടുകയും മന്ത്രി അതിനോട് പ്രതികരിക്കുകയും ചെയ്തിരുന്നു. പിന്നീട് ചെട്ടികുളങ്ങര ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രതിഭ ഇട്ട ഫോട്ടോയ്ക്ക്, തിരഞ്ഞെടുപ്പ് അടുത്തല്ലോ എന്ന നിർദോഷ കമന്റിട്ട മണ്ഡലത്തിലെ ഒരു വോട്ടറോട് നിങ്ങളുടെ പിതാവിന്റെ വകയാണോ എന്ന് ചോദിച്ചത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.
കായംകുളത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട എം.എൽ.എ ഓഫീസ് അടച്ചിട്ട് വീട്ടിലിരുന്ന് ഫേസ്ബുക്കിൽ വ്യാപരിക്കുന്നത് ശരിയല്ലെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം മിനിസ ജബ്ബാർ, ഏരിയ വൈസ് പ്രസിഡന്റ് സാജിദ് ഷാജഹാൻ എന്നിവരാണ് കുറ്റപ്പെടുത്തിയത്. ഇതിന് വൻ പിന്തുണ ലഭിച്ചു. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ച് ഒാഫീസ് തുറക്കണമെന്നും ജനങ്ങൾക്ക് ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടുകയും ചെയ്തു.
@വിഷ സർപ്പത്തോട് ഉപമ
തന്നെ വിമർശിച്ച ഡി.വൈ.എഫ്.ഐ നേതാക്കളെ വിഷ സർപ്പത്തോടാണ് പ്രതിഭ ഉപമിച്ചത്. ലോക്ക് ഡൗൺ കഴിഞ്ഞാൽ വാവ സുരേഷിനെ വരുത്തി അവരെ മാളത്തിൽ നിന്ന് പുറത്തിറക്കുമെന്നും വെല്ലുവിളിച്ചു. ഇതിനെതിരെ ഡി.വൈ.എഫ്.ഐ നേതാക്കൾ പാർട്ടിക്ക് പരാതി നൽകി. ചില മെഡിക്കൽ സ്റ്റോറുകളുടെ നമ്പർ പങ്കുവച്ച ശേഷം, വിളിച്ചാൽ അവർ മരുന്ന് വീട്ടിലെത്തിക്കുമെന്ന പ്രതിഭയുടെ പോസ്റ്റിനെയും ഡി.വൈ.എഫ്.ഐ വിമർശിച്ചിരുന്നു. സൗജന്യമായി മരുന്ന് എത്തിക്കുന്നതാണ് ഒരു എം.എൽ.എയുടെ വിജയമെന്നായിരുന്നു കമന്റ്. ഇതിന് മറുപടിയായിരുന്നു വിഷ സർപ്പങ്ങൾ എന്ന പരാമർശം.