301 കേസുകളിൽ 319 പേർ അറസ്റ്റിൽ
ഡോക്ടേഴ്സ് ലൈനിലേക്ക് അശ്ളീൻ സന്ദേശം അയച്ചയാളും കുടുങ്ങി
ആലപ്പുഴ: ലോക്ക് ഡൗൺ നിയന്ത്രണം ലംഘിക്കുന്നവരെ കണ്ടെത്താൻ ഡ്രോണുകളുടെ സഹായം തേടിയതോടെ കൂടുതൽ പേർ കുടുങ്ങി.
വീടുകളുടെ പരിസരത്തും മറ്റും ചീട്ടുകളി നടത്തുന്നവരുടെ ദൃശ്യങ്ങളും ഡ്രോണിന്റെ സഹായത്തോടെ പകർത്തി. ഈ സ്ഥലങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ എത്തി ബോധവത്ക്കരണം നടത്തി താക്കീത് നൽകി.
ജില്ലയിൽ ഇന്നലെ 301 കേസുകൾ രജിസ്റ്റർ ചെയ്തു.319 പേരെ അറസ്റ്റു ചെയ്തു. 232 വാഹനങ്ങൾ പിടിച്ചെടുത്തു. റോഡരികിലും മറ്റ് സ്ഥലങ്ങളിലും നിന്നിരുന്ന 15 യുവാക്കൾക്ക് എതിരെയും, കൂട്ടംകൂടി നിന്നതിന് 18 പേർക്ക് എതിരേയും, വ്യാജ സത്യവാങ്മൂലം ഉപയോഗിച്ച് യാത്ര ചെയ്തതിന് 22 പേർക്ക് എതിരെയും, സത്യവാങ്മൂലം ഇല്ലാതെ യാത്ര ചെയ്തതിന് 29 പേർക്ക് എതിരെയും വ്യാജ വാറ്റ് നടത്തിയതിന് രണ്ട് പേർക്ക് എതിരെയും ജില്ലാ കൊവിഡ് സെന്ററിൽ പ്രവർത്തിക്കുന്ന ഡോക്ടേഴ്സ് ഓൺലൈനിൽ വാട്ട്‌സാപ്പിലൂടെ അശ്ലീലസന്ദേശം അയച്ചതിന് ഒരാൾക്കെതിരെയും കേസെടുത്തു. പകർച്ചവ്യാധി നിയന്ത്രണ നിരോധന നിയമം ചുമത്തിയാണ് കേസുകൾ ചാർജ് ചെയ്തത്.