ഹരിപ്പാട്: കൊവിഡ് 19 വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വ്യാപാര മേഖല വലിയ പ്രതിസന്ധിയിലാണെന്നും ഇത് പരിഹരിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.
അവശ്യസാധനങ്ങൾ വിൽക്കുന്നതൊഴികെയുള്ള കടകൾ ഒരാഴ്ചയായി തുറക്കുന്നില്ല അന്നന്നത്തെ വരുമാനം കൊണ്ട് കുടുംബം പുലർത്തുന്ന ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികൾ വലിയ ബുദ്ധിമുട്ടിലാണ്. ലോക്ക് ഡൗൺ കാലയളവിൽ വ്യാപാരസ്ഥാപനങ്ങളുടെ വാടക ഒഴിവാക്കുന്നതിനും ഇളവ് അനുവദിക്കുന്നതിനും സർക്കാർ ഇടപെടണം, ജി എസ് ടി നടപ്പിലാക്കി 33 മാസം പിന്നിട്ട സാഹചര്യത്തിൽ 2017-18 വരെയുള്ള വാറ്റ് നികുതി നിർണയം അവസാനിപ്പിക്കുന്നതിന് നടപടിയെടുക്കണം. വ്യാപാരികളെയും വിതരണ വാഹനങ്ങളെയും അനാവശ്യ പരിശോധനയിൽ നിന്നും ഒഴിവാക്കണമെന്നും ജില്ലാ പ്രസിഡന്റ് സുനീർ ഇസ്മായിൽ, ട്രഷറർ ജോസ് കുമ്പിയിൽ, സെക്രട്ടറി സജീദ് ഗായൽ എന്നിവർ അറിയിച്ചു.