 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമെന്ന് മന്ത്രി ജി.സുധാകരൻ

ആലപ്പുഴ : കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പഞ്ചായത്തുകളും നഗരസഭകളും നടത്തുന്ന കമ്മയൂണിറ്റി കിച്ചണിന് പുറമേ മ​റ്റ് സംഘടനകൾ ഭക്ഷണ വിതരണം നടത്തുന്നുണ്ടെങ്കിൽ അത് കളക്ടറുടെ അനുമതിയോടെ മാത്രമേ ആകാവൂവെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്റി ജി.സുധാകരൻ പറഞ്ഞു.

കളക്ടറേ​റ്റിൽ ചേർന്ന വിവിധ വകുപ്പു തലവൻമാരുടെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്റി.

ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നു. സാമൂഹിക വ്യാപനംഉണ്ടായിട്ടില്ലെന്നും മന്ത്റി പറഞ്ഞു. ഇന്നലെ ജില്ലയിൽ 1474 പേരെയാണ് ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കിയത്. നിരീക്ഷണത്തിൽ കൂടുതൽ പേരുള്ള പ്രദേശങ്ങളിൽ ബോധവത്കരണ പ്രവർത്തനം ശക്തമാക്കും.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, കളക്ടർ എം.അഞ്ജന, ജില്ല പോലീസ് മേധാവി ജെയിംസ് ജോസഫ് എന്നിവരും വിവിധ വകുപ്പുമേധാവികളും പങ്കെടുത്തു.


നിസാമുദ്ദീൻ നിന്ന് വന്നത് 8 പേർ

നിസാമുദ്ദീനിൽ മതസമ്മേളനത്തിൽ ജില്ലയിൽ നിന്ന് പങ്കെടുത്തത് എട്ട് പേരാണ് . ഇതിൽ ഏഴു പേർ ഓണാട്ടുകര മേഖലയിൽ നിന്നാണ്. എട്ടുപേരും ഇവരുമായി ബന്ധപ്പെട്ട എല്ലാവരും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് മന്ത്റി അറിയിച്ചു.

കമ്മ്യൂണി​റ്റി കിച്ചൺ

ജില്ലയിൽ 72 പഞ്ചായത്തുകളിലായി 86ഉം ആറ് നഗരസഭകളിലായി 15 ഉം കമ്മ്യൂണി​റ്റി കിച്ചണുകൾ പ്രവർത്തിക്കുന്നു. 101 കമ്മ്യൂണി​റ്റി കിച്ചണുകളിൽ നിന്നായി ഇതുവരെ 1,04,276 പേർക്ക് ഇതുവരെ ഉച്ചഭക്ഷണം നൽകി. ഇതിൽ 76,696 പേർക്ക് സൗജന്യമായാണ് നൽകിയത്. കഴിഞ്ഞ ദിവസം വരെ 11,316 ഭക്ഷണ പൊതികളാണ് അന്യ സംസ്ഥാന തൊഴിലാളികൾക്ക് നൽകിയത്.

അന്യസംസ്ഥാന തൊഴിലാളികൾക്ക്

ഭക്ഷണവും മരുന്നും

കരാറുകാറുടെ നിയന്ത്റണത്തിലല്ലാത്ത അന്യസംസ്ഥാന തൊഴിലാളികളുടെ ഭക്ഷണം, മരുന്ന്, താമസ സൗകര്യം തുടങ്ങിയവ സർക്കാർ ഉറപ്പാക്കും. കരാറുകാർ കൊണ്ടുവന്ന തൊഴിലാളികളുടെ സൗകര്യം അവർ തന്നെ ഉറപ്പാക്കണമെന്ന് കർശന നിർദ്ദേശം നൽകി. അന്യ സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനായി ജില്ലകളക്ടറും എസ്.പി.യും ചേർന്ന ജില്ലാ തല കമ്മ​റ്റിക്ക് പുമേ താലൂക്ക് തലത്തിലും പഞ്ചായത്ത് തലത്തിലും കമ്മ​റ്റികളുണ്ട്.

ജില്ലയിൽ 5362 അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യ സാധനങ്ങൾ എത്തിച്ചു.ഇവരുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനായി ആറ് മെഡിക്കൽ ടീമും സജ്ജമാണ്.

ജില്ലയിലുള്ള അന്യസംസ്ഥാന തൊഴിലാളികൾ : 14,187 പേർ

കരാറുകാരുടെ നിയന്ത്രണത്തിലല്ലാത്തത് : 7,099പേർ

അന്യസംസ്ഥാന തൊഴിലാളികളുടെ താമസം: 1504 ഷെൽട്ടറുകളിൽ

കൊയ്ത്ത് ,നെല്ല് സംഭരണം

കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും ജില്ലയിൽ കൊയ്ത്തും നെല്ല് സംഭരണവും പുരോഗമിക്കുന്നതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിനു ശേഷം ഇതുവരെ 10,500 മെട്രിക് ടൺ നെല്ല് സംഭരിച്ചു.കൊയ്തിട്ട 8080മെട്രിക് ടൺ നെല്ല് സംഭരിച്ചുവരികയാണ്. നെല്ല് സംഭരണത്തിനുള്ള എല്ലാ തടസങ്ങളും നീങ്ങി. കാലടിയിലെ മില്ലുകളിൽ നെല്ല് ഇറക്കുന്നതിന് തടസ്സം നേരിട്ടാൽ ഇടപെടാൻ എറണാകുളം കളക്ടറുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഗുണ നിലവാര പരിശോധനയ്ക്കായി 5 ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്നും മന്ത്റി പറഞ്ഞു