ആലപ്പുഴ: ജോലിയൊഴിഞ്ഞൊരു നേരമില്ലാതിരുന്നവർക്ക് ലോക്ക് ഡൗൺ വീർപ്പുമുട്ടൽ സഹിക്കാവുന്നതിനും അപ്പുറമാണ്. ബോറടി മാറ്റാൻ ഓരോരുത്തരും അവരവരുടേതായ ശീലങ്ങളിലേക്കും വിനോദങ്ങളിലേക്കും ചേക്കേറിക്കഴിഞ്ഞു. ചിലരാവട്ടെ, ബോറടി അത്യുന്നതങ്ങളിലെത്തിയപ്പോഴാണ് ഉള്ളിൽ ഉറങ്ങിക്കിടന്ന കഴിവുകളെ തിരിച്ചറിഞ്ഞതുതന്നെ! ഡാൻസ്, പാട്ട്, ചിത്രരചന, അഭിനയം, പാചകം തുടങ്ങി തങ്ങളുടെ 'ശക്തികേന്ദ്രം' ഏതെന്ന് കുട്ടികൾ മുതൽ മുതിർന്നവർവരെ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു.
ഒഴിവു വേളകളെ വിനോദപൂർണവും പ്രയോജനപ്രദവുമാക്കുന്ന ചിലരെ പരിചയപ്പെടാം...
രാപ്പകലില്ലാതെ പനയ്ക്കൻ
പള്ളിപ്പുറം സ്വദേശി സജിത് പനയ്ക്കനെ ലോക്ക് ഡൗൺ കാര്യമായി ബാധിച്ചിട്ടില്ല. ചിത്രരചനയാണ് സജിത്തിന്റെ ആശ്വാസതീരം. പതിവ് ശീലങ്ങൾക്കും ഇഷ്ടങ്ങൾക്കും കൂടുതൽ സമയം ലഭിച്ചതിൽ ഈ ചിത്രകലാ അദ്ധ്യാപകൻ ഹാപ്പിയാണ്. അദ്ധ്യയനമുള്ള ദിവസങ്ങളിൽ പോലും വൈകിട്ട് വീട്ടിലെത്തിക്കഴിഞ്ഞാൽ മണിക്കൂറുകളോളം തന്റെ സൃഷ്ടികൾക്കു വേണ്ടി ചെലവഴിക്കുന്നതാണ് സജിത്തിന്റെ ശീലം. ഇപ്പോൾ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ മുഴുവൻ സമയവും ചിത്രരചനയ്ക്ക് ലഭിക്കുന്നത് യഥാർത്ഥത്തിൽ ആശ്വാസമാണെന്ന് സജിത് പറയുന്നു. 'ഒന്നും ചെയ്യാതിരുന്നാൽ മനസും ശരീരവും ക്ഷീണിക്കും. ഇഷ്ടമുള്ള കാര്യത്തിന് കൂടുതൽ സമയം ലഭിക്കുന്നതിനാൽ ഇതുവരെ ലോക്ക് ഡൗണിന്റെ ബോറടിയിൽ കുടുങ്ങിയില്ല'- സജിത് പറയുന്നു.
നിയന്ത്രണങ്ങൾക്ക് അയവു വന്നാൽ ആഗസ്റ്റിൽ എറണാകുളം ദർബാർ ഹാളിൽ ചിത്രങ്ങളുടെ പ്രദർശനത്തിനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം. മാർച്ചിൽ സുഹൃത്തുക്കൾക്കൊപ്പം കോഴിക്കോട് പ്രദർശനം നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായിരുന്നെങ്കിലും കൊവിഡ് ചതിച്ചതിനാൽ എല്ലാം വെറുതെയായി. പ്രദർശനം നടത്താൻ കഴിഞ്ഞാൽ, ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് സജിbkന്റെ തീരുമാനം.
വരയിലാണ് വധു
പുന്നപ്ര മാർ ഗ്രിഗോറിയോസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികയും കോമളപുരം സ്വദേശിനിയുമായ അനുപമയുടെ വിവാഹം മേയ് 5നാണ്. ലോക്ക് ഡൗണും നിയന്ത്രണങ്ങളും തുടരുന്നതിനാൽ കല്യാണം വിളി അടക്കമുള്ള ഒന്നും ആരംഭിച്ചിട്ടില്ല. പക്ഷേ, കല്യാണപ്പുലരിയും ചിന്തിച്ചിരിക്കാൻ അനുപമയ്ക്ക് സമയമില്ല. ചിത്രരചനയാണ് ഇഷ്ടവിനോദം. അതിപ്പോൾ കാൻവാസായാലും മൊട്ടത്തോടായാലും ശരി, തന്റെ കലാവിരുത് അവയിൽ പതിപ്പിക്കാൻ വല്ലാത്ത ആവേശമാണ് അനുപമയ്ക്ക്. അക്രിലിക് പെയിന്റിംഗിനോടാണ് കമ്പം. ചെന്നിത്തല നവോദയ സ്കൂളിലെ പഠനകാലത്ത് കൂടെക്കൂടിയ ഹോബിയാണിതെന്ന് അനുപമ പറയുന്നു.
സിവിൽ സർവീസ് അടക്കമുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഈ അദ്ധ്യാപികയ്ക്ക് ഒഴിവുവേളകൾ ലഭിക്കുന്നത് ചുരുക്കം. എന്നാലിപ്പോൾ വീട്ടിൽത്തന്നെയായതോടെ വരയും പഠനവും ഒരുമിച്ച് നടക്കുന്നതിനാൽ അനുപമ ഹാപ്പിയാണ്. പ്രതിശ്രുത വരന്റെ വീട്ടിലെ ഭിത്തിയിലും ഇതിനകം അനുപമയുടെ പെയിന്റിംഗ് ഇടം പിടിച്ചുകഴിഞ്ഞു. യാതൊരു പരിശീലനവും നേടാതെയാണ് അനുപമ വരയുടെ ലോകത്തെത്തിയത്. ചിത്രരചനയ്ക്ക് പുറമേ ആനുകാലിക വിഷയങ്ങളിൽ ഉൾപ്പടെ നിരവധി ലേഖനങ്ങൾ എഴുതി സമ്മാനാർഹയായിട്ടുണ്ട്. കയർകേരളയുമായി ബന്ധപ്പെട്ട് നടത്തുന്ന ഇംഗ്ളീഷ് ഉപന്യാസ രചനയിൽ തുടർച്ചയായി മൂന്നുതവണ ഒന്നാം സ്ഥാനം നേടിയിരുന്നു.