ആലപ്പുഴ: 'എഴുത്തിന്റെയും വായനയുടെയും ലോകത്തിൽ നിന്നു മാറി വയലാറിലെ വീട്ടിൽ കുടുംബത്തോടൊപ്പം ലോക് ഡൗൺ ദിനങ്ങൾ ചെലവഴിക്കുകയാണ് പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ. 'മൊബൈൽ ഫോൺ പരമാവധി ഉപയോഗിക്കാറില്ല. പലപ്പോഴും എത്തുന്നത് അനാവശ്യ കാളുകളാണ്. മുഖം കറുത്തു പറയാൻ ശീലിച്ചിട്ടില്ല. അതുകൊണ്ട് ഒഴിവാക്കി. ചിന്തിക്കാനും എഴുതാനുമൊന്നും മനസ് പരുവപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഉള്ളിൽ ഭയമുണ്ട്. എങ്കിലും നമ്മൾ എല്ലാത്തിനെയും അതിജീവിക്കുമെന്ന ശുഭാപ്തിവിശ്വാസത്തെ മുറുകെപ്പിടിക്കുകയാണ്.

നാല് പതിറ്റാണ്ട് മുമ്പും ഇതുപോലെ വീട്ടിൽ 'ഐസൊലേഷൻ' അനുഷ്ഠിച്ചിട്ടുണ്ട്. പക്ഷേ അന്നത്തെ ഏകാന്ത വാസം എന്റെ വ്യക്തിപരമായ കാര്യത്തിനായിരുന്നു. മക്ഡെവൽ കമ്പനിയിലെ ജോലിക്ക് താത്കാലിക വിരാമം കുറിച്ച സമയമായിരുന്നു. അന്ന് വായനയായിരുന്നു കൂട്ടിന്. ചിന്തയുടെയും മനനത്തിന്റെയും പച്ചവിരിച്ച പാതയിലൂടെ ഏകാന്തമായി കുറേ സഞ്ചരിച്ചു. അച്ഛൻ വയലാർ, ഗാനങ്ങളിലൂടെ ലോകത്തിന് മുന്നിൽ വച്ച ദർശനങ്ങളിൽ പലകുറി ചുറ്രിത്തിരിഞ്ഞു. അതിന്റെയെല്ലാം ഒടുവിലാണ് ചലച്ചിത്രഗാന രചനയിലേക്ക് എത്തപ്പെട്ടത്. ലോകത്തെക്കുറിച്ചുള്ള യാതൊരു ആശങ്കയും അന്ന് അലട്ടിയിരുന്നില്ല. എന്തെങ്കിലും നഷ്ടപ്പെടാനുണ്ടെന്ന് തോന്നിയിരുന്നുമില്ല. പെട്ടെന്ന് ഒരു ദിവസം ജനത്തിന് മുന്നിലേക്ക് ഇറങ്ങിയാലും വയലാറിന്റെ മകനെന്ന സ്നേഹവും വാത്സല്യവും കിട്ടുമെന്ന ബോദ്ധ്യവുമുണ്ടായിരുന്നു.

എന്നാൽ ഇപ്പോഴത്തെ സാഹചര്യം തീർത്തും ഭിന്നമാണ്. ലോകം വല്ലാത്തൊരു പ്രതിസന്ധിയിലായി. സഹജീവികൾക്ക് നാളെ വെള്ളവും ആഹാരവും കിട്ടുമോ എന്ന ഉത്കണ്ഠയുമുണ്ട്. ബുദ്ധിയെയും ഹൃദയത്തെയും പുതുതലമുറ ഒരേപോലെ വളർത്തിയെടുക്കേണ്ട കാലമാണിത്. അത്തരം ചിന്തകൾക്ക് വഴിവയ്ക്കട്ടെ എന്നാശിക്കാം'- ശരത് പറയുന്നു.