ആലപ്പുഴ: കൊവിഡ് 19നെത്തുടർന്ന് അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പടെയുള്ളവർക്ക് സഹായങ്ങൾ പ്രഖ്യാപിച്ച സർക്കാർ, ഖജനാവിലേക്ക് കോടിക്കണക്കിന് രൂപ നികുതിയിനത്തിലും മറ്റുമായി നൽകുന്ന വ്യാപാര മേഖലയെ പാടെ അവഗണിച്ചെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര കുറ്റപ്പെടുത്തി. ലോക്ക് ഡൗൺ കഴിഞ്ഞ് കടകൾ തുറക്കുമ്പോൾ അവിടെയുണ്ടായിരുന്ന ഭൂരിപക്ഷം സാധനങ്ങളും നശിച്ചിട്ടുണ്ടാകും. കഴിഞ്ഞ പ്രളയകാലത്ത് വ്യാപാരികൾക്ക് ധനസഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും ആർക്കും ഇതുവരെ ലഭിച്ചിട്ടില്ല. വ്യാപാര മേഖലയ്ക്കായി സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും മോറട്ടോറിയം കാലാവധി ആറു മാസമാക്കണമെന്നും രാജു അപ്സര ആവശ്യപ്പെട്ടു. കൊവിഡ് 19നെ പ്രകൃതി ദുരന്തത്തിന്റെ (എക്സ്‌ഗ്രേഷ്യ ആനുകൂല്യം) പട്ടികയിൽപ്പെടുത്തി വ്യാപാരികൾക്ക് അടിയന്തിരമായി 5000 രൂപ ധന സഹായം വ്യാപാരി ക്ഷേമ ബോർഡിൽ നിന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുമായ ഡോ. ടി.എം.തോമസ് ഐസക്കിന് നിവേദനം നൽകി.