കുട്ടനാട്ടുകാർക്ക് എന്തിനും ഏതിനും ജല ആംബുലൻസ്
ആലപ്പുഴ: ജലഗതാഗതം മാത്രം ആശ്രയമുള്ള കുട്ടനാട്ടിൽ ജലഗതാഗത വകുപ്പ് നേരത്തെ രംഗത്തിറക്കിയ ജല ആംബുലൻസാണ് ലോക്ക് ഡൗൺ കാലത്തെ പ്രധാന ആശ്രയം. രോഗവും മരണവുമായി ബന്ധപ്പെട്ടാണ് ആംബുലൻസുകൾ രംഗത്തിറങ്ങുന്നതെങ്കിലും കൊറോണക്കാലം കരയിലെയും വെള്ളത്തിലെയും ആംബുലൻസുകളുടെ 'കോലം' മാറ്റിയിട്ടുണ്ട്.
കുട്ടനാട്ടിലെ ഉൾപ്രദേശങ്ങളിൽ പാൽ, പത്രം വിതരണമുൾപ്പടെയുള്ള ജോലികൾ ജല ആംബുലൻസ് നിർവഹിക്കുന്നുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളോടെയാണ് 'റസ്‌ക്യു ആൻഡ് ഡൈവ്' എന്നു പേരുള്ള അഞ്ച് ആംബുലൻസുകൾ ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളിൽ സഹായത്തിനുള്ളത്. മറ്റ് ആംബുലൻസുകൾക്കെന്ന പോലെ 108ൽ വിളിച്ചാണ് ആവശ്യം അറിയിക്കേണ്ടത്. ഒരേസമയം 16 പേർക്ക് കയറാവുന്ന ബോട്ടിൽ ജീവൻരക്ഷാ ഉപകരണങ്ങളും പ്രാഥമിക ശുശ്രൂഷാ സംവിധാനങ്ങളുമുണ്ട്.
സുസ്ജ്ജം
ജലഗതാഗത വകുപ്പിലെ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർക്കൊപ്പം ആരോഗ്യ വകുപ്പിലെ ജീവനക്കാരും അത്യാവശ്യഘട്ടങ്ങളിൽ പൊലീസും ആംബുലൻസിലുണ്ടാവും. ഉൾപ്രദേശങ്ങളിൽ ആശുപത്രി സംവിധാനമില്ലാത്തിനാൽ കരയ്ക്കെത്തുന്നത് വരെ രോഗിയുടെ ജീവൻ നിലനിറുത്താനുള്ള സജ്ജീകരണങ്ങളെല്ലാം ബോട്ടിലുണ്ട്. ആരോഗ്യ പ്രവർത്തകരെ കൂടാതെ ജലഗതാഗത വകുപ്പിന്റെ മൂന്ന് ജീവനക്കാരാണ് ഓരോ ബോട്ടിലുമുള്ളത്. മൂന്ന് ഷിഫ്റ്റുകളിൽ 24 മണിക്കൂറാണ് ആംബുലൻസിന്റെ സേവനം.
സേവന സജ്ജം
വെള്ളത്താൽ ചുറ്റപ്പെട്ട പല പ്രദേശങ്ങളിലും ഇരുചക്രവാഹന യാത്ര സാദ്ധ്യമല്ല. ലോക്ക് ഡൗൺ കാലത്ത് ജോലിക്കെത്തേണ്ട ഉദ്യോഗസ്ഥർക്കടക്കം ജല ആംബുലൻസാണ് ഏക ആശ്രയം. വീടുകളിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികർക്ക് അവശ്യ സാധനങ്ങൾ എത്തിക്കുന്നതും ഇതേ ആംബുലൻസാണ്.
........................................
# പ്രത്യേകതകൾ
യാത്രാ ബോട്ടിനെക്കാൾ ഇരട്ടി വേഗം
നീറ്റിലിറക്കിയത് പ്രളയകാലത്ത്
ജീവൻരക്ഷാ ഉപകരണങ്ങൾ, ഓക്‌സിജൻ സിലണ്ടർ, സ്ട്രെച്ചർ
24 മണിക്കൂർ സേവനം
വിളിക്കേണ്ടത് 108ൽ
.......................................
ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെയാണ് ആംബുലൻസിന്റെ പ്രവർത്തനം. ലോക്ക് ഡൗണിന്റെ ആദ്യ ദിനം മുതൽ ആംബുലൻസ് പ്രവർത്തിക്കുന്നുണ്ട്. ദിവസവും നിരവധി വിളികൾ എത്തുന്നു. രാത്രികാലങ്ങളിൽ നെഞ്ചുവേദന പോലെ അടിയന്തര സഹായം വേണ്ട കേസുകളാണ് കൂടുതലും. ഈ പ്രദേശങ്ങളിൽ മറ്റ് ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ അവശ്യ സേവനങ്ങൾക്കെല്ലാം ഞങ്ങൾ തയ്യാറാണ്
ഷാജി വി.നായർ, ജലഗതാഗത വകുപ്പ് ഡയറക്‌ടർ