ഹരിപ്പാട് : പ്രതിദിനം ആയിരത്തിലേറെ പേർക്ക് ഭക്ഷണവിതരണം നടത്തി സിബിസി വാര്യർ ഫൗണ്ടേഷൻ കരുതൽ പാലിയേറ്റീവിന്റെ നേതൃത്വത്തിൽ ആരംഭിച്ച സാമൂഹ്യ അടുക്കള ശ്രദ്ധേയമാകുന്നു .
ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഗ്രീൻ പ്രോട്ടോക്കോളും പാലിച്ചാണ് ഭക്ഷണ വിതരണം നടക്കുന്നത്. വാഴയിലയിൽ പൊതിഞ്ഞ ഭക്ഷണപ്പൊതികൾ കിടപ്പുരോഗികൾക്കും , ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ കഴിയാത്തവർക്കും , നിരീക്ഷണത്തിൽ കഴിയുന്നവർക്കും , താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും, ആംബുലൻസ് ഡ്രൈവർമാർക്കും അന്യ സംസ്ഥാന തൊഴിലാളികൾക്കും ചരക്കുലോറികളിലെ ജീവനക്കാർക്കും എത്തിച്ചു നൽകും. ഫോണിലൂടെ ആവശ്യപ്പെടുന്നവർക്കും വോളണ്ടിയർമാർ ഭക്ഷണം എത്തിക്കും. ഫൗണ്ടേഷൻ ആഹ്വാനംചെയ്ത കലവറനിറയ്ക്കലിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. തോമസ്, പ്രസന്നൻ , കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ഫൗണ്ടേഷൻ ചെയർമാൻ എം. സത്യപാലൻ, എം. എം അനസ് അലി, രവീന്ദ്രൻ പിള്ള, ഓമനക്കുട്ടൻ, എസ്. സുരേഷ്, അനസ് അബ്ദുൾ നസീം, ബിജു തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.