ആലപ്പുഴ: ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി.സുധാകരൻ ഇന്നലെ ആലപ്പുഴ നഗരസഭ സന്ദർശിച്ച് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി.രോഗവ്യാപനം തടയാനും നഗരത്തിൽ ശുചിത്വം നിലനിർത്താനും നഗരസഭ നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മന്ത്രി നഗരസഭാ മന്ദിരത്തിലെത്തിയത്. ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, പ്രതിപക്ഷ നേതാവ് ഡി.ലക്ഷ്മണൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എ.റസാക്ക് , സെക്രട്ടറി മുഹമ്മദ്ഷാഫി എന്നിവർ നഗരസഭ നടത്തിയ പ്രവർത്തനങ്ങൾ മന്ത്രിയോട് വിശദീകരിച്ചു. നിരോധനാജ്ഞ പ്രകാരമുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള നടപടികൾ നഗരസഭ സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.