ആലപ്പുഴ: കണ്ണൂർ, കാസർകോട് ജില്ലകളിൽ വലയുടെ പണിക്ക് പോയ ശേഷം ബോട്ട് മാർഗം തിരിച്ചെത്തിയ മാരാരിക്കുളം തെക്ക് പഞ്ചായത്ത് സ്വദേശികളായ ഏഴ് തൊഴിലാളികളെ നഗരത്തിലെ ഹോട്ടലിൽ 14 ദിവസം നിരീക്ഷണത്തിലാക്കി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ റോഡ് മാർഗം നാട്ടിലെത്താൻ സാധിക്കാതെ വന്നതോടെയാണ് തൊഴിലാളികൾ കടൽമാർഗം ബോട്ടിൽ പുറപ്പെട്ടത്. വ്യാഴാഴ്ച്ച രാത്രി 11 മണിയോടെ സംഘം സഞ്ചരിച്ച ബോട്ട് കാട്ടൂർ പള്ളിക്ക് സമീപം തീരക്കടലിലെത്തി. വിവരമറിഞ്ഞ് മണ്ണഞ്ചേരി പൊലീസും, ആരോഗ്യ വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു. ഇന്നലെ പുലർച്ചെ ആറ് മണിക്ക് സംഘത്തെ തീരത്തടുപ്പിച്ച് മാസ്ക്കും സാനിട്ടൈസറും നൽകിയ ശേഷം ആംബുലൻസിൽ നഗരത്തിലെ ഹോട്ടലിൽ എത്തിക്കുകയായിരുന്നു.