ഹൈദരാബാദ് യാത്രയ്ക്ക് എയർ ആംബുലൻസ് സേവനം തേടുന്നു
ചേർത്തല: കണ്ണിന് കാൻസർ ബാധിച്ച് ചികിത്സയിലുള്ള ഒന്നരവയസുകാരി അൻവിതയെ വരുന്ന ഏഴിന് ഹൈദരാബാദിലെ ആശുപത്രിയിൽ എങ്ങനെ എത്തിക്കുമെന്ന ആശങ്കയിലാണ് ബന്ധുക്കൾ. ജനപ്രതിനിധികളുടെയും മറ്റും ഇടപെടലിനെത്തുടർന്ന് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് ഏതു വിധേനയും കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാനുള്ള ആലോചനയിലാണ് സർക്കാർ, സന്നദ്ധ സംവിധാനങ്ങൾ.
'റെറ്റിനോ ബ്ലാസ്റ്റോമ' എന്നറിയപ്പെടുന്ന കാൻസർ ബാധിച്ച് ചേർത്തല നഗരസഭ 21-ാം വാർഡ് മുണ്ടുവെളി വിനീത് വിജയന്റെയും ഗോപികയുടെയും മകളായ അൻവിത നാളുകളായി ഹൈദരാബാദ് എൽ.വി. പ്രസാദ് ആശുപത്രിയിലും അപ്പോളോ ആശുപത്രിയിലുമായി ചികിത്സയിലാണ്. നിലവിൽ കീമോ എടുക്കുന്നുണ്ട്. ചികിത്സയിൽ പ്രതീക്ഷ അർപ്പിച്ചുകൊണ്ടിരിക്കെയാണ് കോവിഡിന്റെ പേരിലുള്ള നിയന്ത്രണം. 7ന് ആശുപത്രിയിൽ എത്തി ഒരു ദിവസത്തെ ചികിത്സയ്ക്ക് ശേഷം നാട്ടിലേക്കു മടങ്ങണം. എയർ ആംബുലൻസ് പ്രയജനപ്പെടുത്തുന്നകാര്യം പരിഗണിക്കുമെന്ന് ആരോഗ്യമന്ത്റി കെ.കെ. ശൈലജ ഗോപികയെ ഫോണിൽ അറിയിച്ചു. കുട്ടിക്ക് ആകാശയാത്രയിലുണ്ടാകുന്ന രക്തസമ്മർദ്ദ വ്യത്യാസങ്ങൾ പഠിച്ചായിരിക്കും യാത്ര. ഇതിനൊപ്പം എം.വി.ആർ കാൻസർ സെന്ററിൽ സമാന്തര ചികിത്സയ്ക്കു സൗകര്യമൊരിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
എയർ ആംബുലൻസ് പ്രയോജനപ്പെടുത്താനാകാത്ത സാഹചര്യമുണ്ടായാൽ സേവാഭാരതി ആംബുലൻസ് സൗകര്യമൊരുക്കിയിട്ടുണ്ട്. ഒരു സഹായിയുടെ സേവനമടക്കമാണ് ഇതു സജ്ജീകരിച്ചിരിക്കുന്നത്. തമിഴ്‌നാട്, കർണാടക, ആന്ധ്ര അതിർത്തികൾ കടക്കേണ്ട സാഹചര്യത്തിൽ മുൻമുഖ്യമന്ത്റി ഉമ്മൻചാണ്ടി സംസ്ഥാന ഭരണ നേതൃത്വങ്ങളുമായി ഇടപെടൽ നടത്തിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ യാത്രാസൗകര്യമൊരുക്കാൻ എ.എം.ആരിഫ് എം.പി മുഖ്യമന്ത്റിക്കും ആരോഗ്യമന്ത്റിക്കും കത്തുനൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര സർക്കാർ ഇടപെടൽ ഉണ്ടായത്. ആരോഗ്യമന്ത്റിയുടെ ഓഫീസ് സോഷ്യൽ സെക്യൂരിറ്റി മിഷന്റെ ആംബുലൻസ് സൗകര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും അതിർത്തികൾ കടക്കാൻ സർക്കാർ ഇടപെടലുണ്ടാകുമെന്നും എ.എം.ആരിഫ് എം.പി പറഞ്ഞു.