കൈനകരിക്ക് ആശ്വാസമായി സമഭാവന, തനിമ കുടുംബശ്രീ ഗ്രൂപ്പുകൾ
ആലപ്പുഴ:കൊറോണക്കാലത്ത് വീടുകളിൽ ഭക്ഷണമൊരുക്കാൻ അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും കിട്ടാതെ വിഷമിക്കുന്ന കൈനകരിയിലെ കുടുംബങ്ങൾക്ക് സഹായമായി കുടുംബശ്രീയുടെ പുതുസംരംഭം. കൈനകരി പഞ്ചായത്തിലെ സമഭാവന, തനിമ കുടുംബശ്രീ ഗ്രൂപ്പുകളിലെ അഞ്ചു വനിതകൾ ചേർന്ന് അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെ ലഭ്യമാകുന്ന ഫ്‌ളോട്ടിംഗ് സൂപ്പർമാർക്കറ്റാണ് ഒരുക്കിയിരിക്കുന്നത്.
വാടകയ്‌ക്കെടുത്ത ബോട്ടിലാണ് ഫ്‌ളോട്ടിംഗ് സൂപ്പർമാർക്കറ്റിന്റെ പ്രവർത്തനം.
പ്രീത ഷൈൻ, പവിത അനിൽ, പ്രീത മണിക്കുട്ടൻ, അർച്ചന സോമശേഖരൻ, സലിലമ്മ ഭാസുരൻ എന്നിവരാണ് സംരംഭത്തിന് പിന്നിൽ. രാവിലെ തന്നെ സി.ഡി.എസ് പ്രതിനിധികൾ, വാർഡ് മെമ്പർമാർ, എ.ഡി.എസ് അംഗങ്ങൾ, അയൽക്കൂട്ട പ്രതിനിധികൾ എന്നിവരുടെ വാട്ട്സാപ്പ് ഗ്രൂപ്പുകളിലേക്ക് ഓരോ ബോട്ട്‌ജെട്ടിയിലും സൂപ്പർമാർക്കറ്റ് എത്തുന്ന വിവരം അറിയിക്കും. ഇതു പ്രകാരം ഓരോ ജെട്ടിയിലും സൂപ്പർമാർക്കറ്റ് അടുക്കുമ്പോൾ ആളുകൾക്ക് അവശ്യമായ സാധനങ്ങൾ വാങ്ങാം. സാമൂഹ്യ അകലം സൂക്ഷിക്കുക എന്ന നിർദേശം കർശനമായി പാലിക്കുന്നതിലും ഇവർ ശ്രദ്ധിക്കുന്നു.
ഇതിനു മുമ്പ് ഇവർ അഞ്ചു പേരും ചേർന്ന് നെടുമുടി കൈനകരി പഞ്ചായത്തിന്റെ അതിർത്തിയായ പൂപ്പളളി ജംഗ്ഷനിൽ കുടുംബശ്രീ സൂക്ഷ്മസംരംഭമായി പച്ചക്കറി വ്യാപാരം നടത്തിയിരുന്നു.സ്വന്തം കൈയിലെ സമ്പാദ്യം ചേർത്തുകൊണ്ടായിരുന്നു തുടക്കം. പച്ചക്കറികളും പഴങ്ങളും കൂടാതെ മുട്ട, ഉണക്കമീൻ എന്നിവയും ലഭ്യമായിരുന്നു. പ്രതിദിനം 10,000 മുതൽ 12,000 രൂപ വരെ കച്ചവടം ലഭിച്ചുകൊണ്ടിരുന്ന സ്ഥാപനമായി സംരംഭം വേഗം വളർന്നു. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇവരുടെ പച്ചക്കറി കടയും അടയ്ക്കേണ്ടി വന്നു. ഈ സന്ദർഭത്തിലാണ് സൂപ്പർമാർക്കറ്റ് എന്ന ആശയത്തിലേക്ക് തിരിഞ്ഞത്.
വാടക 1000 രൂപ
പ്രതിദിനം ആയിരം രൂപയാണ് ബോട്ടിന്റെ വാടക. രാവിലെ കൈനകരി പഞ്ചായത്ത് കടവിൽ നിന്നു നിറയെ സാധനങ്ങളുമായി സൂപ്പർമാർക്കറ്റ് യാത്ര തിരിക്കും. തുടർന്ന് പട്ടേൽ ജെട്ടി, മാലേച്ചിറ, കൊച്ചുകോവിന്ദൻ ജെട്ടി, പട്ടിച്ചിറ, വെള്ളാമത്തര, പള്ളിജെട്ടി, ആശുപത്രി ജെട്ടി, ഗുരുമന്ദിരം എന്നിവിടങ്ങളിൽ നിറുത്തി ആവശ്യക്കാർക്ക് സാധനങ്ങൾ വിറ്റഴിക്കും. രാവിലെയും ഉച്ചയ്ക്കും കഴിക്കാനുള്ള ഭക്ഷണവും കുടിവെള്ളവുമായാണ് ഇവരുടെ യാത്ര.