പൂച്ചാക്കൽ: ആവശ്യമുള്ളത്ര സ്റ്റോക്ക് ഇല്ലാതിരുന്നതിനാൽ പൂച്ചാക്കൽ മേഖലയിൽ സൗജന്യ റേഷൻ വിതരണം രണ്ടാം ദിവസവും അവതാളത്തിലായി.
വ്യാഴാഴ്ച രാവിലെ ബി.പി.എൽ കാർഡുടമകൾക്കാണ് വിതരണം തുടങ്ങിയത്. എന്നാൽ ഉച്ചയോടെ കടകൾ കാലിയായി. ഉച്ചയ്ക്ക് ശേഷം വന്നവർക്ക് റേഷൻ മുടങ്ങിയത് തർക്കങ്ങൾക്കിടയാക്കിരുന്നു. ഇന്നലെ വിതരണം പുന:രാരംഭിക്കാൻ സാധിക്കുമെന്നു പറഞ്ഞെങ്കിലും നടന്നില്ല. അരി സ്റ്റോക്കില്ല എന്ന ബോർഡ് വച്ച് ചില കടകൾ അടച്ചിടുകയും ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞപ്പോൾ മുതൽ ചേർത്തല ഡിപ്പോയിൽ നിന്ന് അരി അയച്ചു തുടങ്ങിയിട്ടുണ്ടെന്നും ഇന്നു വിതരണം തുടങ്ങാനാവുമെന്നും ഡിപ്പോ അസിസ്റ്റന്റ് മാനേജർ ശ്രീകുമാരനുണ്ണി പറഞ്ഞു. ഇന്ന് വൈകിട്ടോടെ താലൂക്കിലെ 293 റേഷൻ കടകളിലും സ്റ്റോക്കെത്തും. ഞായറാഴ്ചകളിലും റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുമെന്നും 20 വരെ സൗജന്യ റേഷൻ വാങ്ങാമെന്നും അദ്ദേഹം അറിയിച്ചു.