a

മാവേലിക്കര: കലാകാരൻമാരുടെ ദുരവസ്ഥ സർക്കാരിനെ അറിയിക്കാൻ സ്വന്തം വീട്ടുമുറ്റത്ത് മജീഷ്യൻ സാമ്രാജിന്റെ, കാണികളില്ലാത്ത ഏകാംഗ മാജിക് ഷോ. വേദികൾ നഷ്ടപ്പെട്ട് ജീവിതം ശൂന്യമായ സ്റ്റേജ് കലാകാരന്മാരുടെ അവസ്ഥ പ്രതീകാത്മകമായി അവതരിപ്പിക്കാനാണ് സാമ്രാജ് ശൂന്യമായ കസേരകൾക്ക് മുന്നിൽ മാജിക്ക് അവതരിപ്പിച്ചത്.

കൊറോണ വൈറസിന്റെ പ്രതിരൂപത്തെ കീഴ്പ്പെടുത്തുന്നതായിരുന്നു മാജിക്.

വർഷത്തിൽ മൂന്നോ നാലോ മാസം മാത്രം ഉപജീവനമാർഗ്ഗം ലഭിക്കുന്ന സ്റ്റേജ് കലാകാരന്മാരുടെ അവസ്ഥ ദയനീയമാണെന്ന് അദ്ദേഹം പറഞ്ഞു. അതതു സീസൺ പ്രോഗ്രാമുകളിൽ നിന്നു മാത്രമേ അവർക്ക് ഉപജീവനമാർഗ്ഗം കണ്ടെത്താൻ സാധിക്കുകയുള്ളൂ. സീസൺ കഴിഞ്ഞാൽ അടുത്ത സീസണിലേക്കുള്ള പരിശീലനവും തയ്യാറെടുപ്പുകളും നടത്തേണ്ടതിനാൽ മറ്റു ജോലികൾക്ക് പോകാനും സാധിക്കില്ല. നാടകം, ബാലെ, ഗാനമേള, മാജിക്, നാടൻപാട്ട്, മിമിക്സ്, കഥാപ്രസംഗം, ഓട്ടൻതുള്ളൽ തുടങ്ങിയ സ്റ്റേജ് കലാകാരന്മാരും ഉത്സവ ഘോഷയാത്രകളിലെ കലാകാരന്മാർ, പ്രോഗ്രാം ബുക്കിംഗ് ഏജന്റുമാർ, ലൈറ്റ് ആൻഡ് സൗണ്ട് സിസ്റ്റം പ്രവർത്തകർ, പന്തൽ നിർമ്മാണ തൊഴിലാളികൾ തുടങ്ങി സ്റ്റേജ് കലയുമായി ബന്ധപ്പെട്ട സമസ്ത മേഖലയും കഴിഞ്ഞ 4 വർഷമായി വൻ പ്രതിസന്ധി നേരിടുകയാണ്. ഈ സീസണിൽ കോവിഡ് കൂടി ആയപ്പോൾ തകർച്ച പൂർണ്ണമായെന്നും കലാകാരന്മാരുടെ കണ്ണീർ തുടയ്ക്കാൻ സർക്കാരും സമൂഹവും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.