 ഹെൽത്ത് ഇൻസ്പെക്ടർമാരുടെ കുറവ് പ്രതിസന്ധിയാവുന്നു

ആലപ്പുഴ: കൊവി​ഡി​നെ ചെറുക്കാനുള്ള പ്രവർത്തനങ്ങൾക്കിടെ ആരോഗ്യവകുപ്പി​ൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ നിർദേശം അനുസരിച്ച് 5,000 പേർക്ക് ഒരു ഹെൽത്ത് ഇൻസ്‌പെക്ടർ വേണം. എന്നാൽ സംസ്ഥാനത്ത് 15,000 പേർക്ക് ഒരാൾ എന്നതാണ് അവസ്ഥ. ഗ്രാമ പ്രദേശങ്ങളിലാണ് സ്ഥിതി ഏറെ മോശം.

300 ഡോക്ടർമാരെയും 336 ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരെയും അടിയന്തരമായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇവർ ജോലിക്ക് കയറിയാലും കുറവ് പരിഹരിക്കപ്പെടില്ല. സ്റ്റാഫ് പാറ്റേണിന് 40 വർഷം പഴക്കമുണ്ടെങ്കിലും അതിന് അനുസൃതമായ ഉദ്യോഗസ്ഥർ പോലുമില്ല. സംസ്ഥാനത്തെ 87 മുനിസിപ്പാലിറ്റികളിലും ആറ് കോർപ്പറേഷനുകളിലുമായി​ ഈ സ്റ്റാഫ് പാറ്റേൺ​ അനുസരിച്ച് 505 ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ തസ്തികയാണുള്ളത്.

പത്തനംതിട്ട ജില്ലയിലെ നാലു നഗരസഭകളിലായി 16 ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ തസ്തികയാണുള്ളത്. പന്തളം നഗരസഭയിൽ രണ്ട് ഹെൽത്ത് ഇൻസ്‌പെക്ടർമാർ മാത്രം. ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലെ സ്ഥിതിയും ദയനീയമാണ്.

 റാങ്ക് ലി​സ്റ്റ് അപര്യാപ്തം


2015ലെ റാങ്ക് ലിസ്റ്റിൽ നിന്നാണ് ഹെൽത്ത് ഇൻസ്‌പെക്ടർമാരെ നിയമിക്കുന്നത്. 2014 ൽ രണ്ടുതവണയായി പി.എസ്.സി മുനിസിപ്പൽ കോമൺ​ സർവീസിലേക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചു. അതിനാൽ, ഉദ്യോഗാർത്ഥികൾ രണ്ട് ജില്ലകളിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടി​ട്ടുണ്ട്. റാങ്ക് ലിസ്റ്റിൽ മുൻനിരയിലുള്ളവർക്ക് ഒരേസമയം രണ്ട് ജില്ലകളിൽ നിയമന ഉത്തരവ് ലഭിക്കും.