ആലപ്പുഴ: കൊവിഡ് വ്യാപനത്തോടെ വിദേശ രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തി വീടുകളിൽ കഴിയുന്ന പ്രവാസികൾക്ക് അടിയന്തിര സഹായം എത്തിക്കണമെന്ന് ഗ്ളോബൽ കേരളാ പ്രവാസി അസോസിയേഷൻ (ജി. കെ.പി.എ) ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഗൾഫിലെ വലിയൊരു ശതമാനം തൊഴിലാളികളും തുച്ഛമായ വേതനത്തിൽ ജോലി ചെയ്യുന്നവരാണ്. പ്രവാസികളെ പ്രതിസന്ധിയിൽ സംരക്ഷിക്കേണ്ടത് സമൂഹത്തോട് ചെയ്യേണ്ട സ്വാഭാവിക നീതിയാണ്.
പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുത്ത മുഴുവൻ പേർക്കും സീനിയോറിറ്റി നോക്കാതെ മറ്റ് ക്ഷേമനിധി അംഗങ്ങൾക്കു നൽകുന്ന സമാശ്വാസ സഹായം ലഭ്യമാക്കണം. വിദേശത്തു നിന്നും പണമയക്കാനാകാതെ നാട്ടിൽ ദുരിതത്തിൽ കഴിയുന്ന പ്രവാസി കുടുംബങ്ങൾക്ക് സഹായമെത്തിക്കുവാൻ സർക്കാർ അടിയന്തിര ശ്രദ്ധ ചെലുത്തണം. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുവാൻ കർമ്മ പദ്ധതി തയ്യാറാക്കണമെന്നും ജില്ലാ ഭാരവാഹികളായ പ്രസിഡന്റ് അൻവർ ആലപ്പുഴയും ജനറൽ സെക്രട്ടറി എം.എം.സലിമും ആവശ്യപ്പെട്ടു.