prathibha

ആലപ്പുഴ: കായംകുളത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകരും യു. പ്രതിഭ എം.എൽ.എയുമായുള്ള തർക്കം വാർത്തയാക്കിയതിന് വനിതകൾ അടക്കം മാദ്ധ്യമപ്രവർത്തകരെ നികൃഷ്ട ഭാഷയിൽ എം.എൽ.എ വിമർശിച്ചത് സി.പി.എം നേതൃത്വത്തെ വെട്ടിലാക്കി. ഒന്നോ രണ്ടോ പേ‌ർ ഉന്നയിക്കുന്ന ആരോപണങ്ങളെ വാർത്തയാക്കി ജനത്തെ തെറ്റിദ്ധരിപ്പിച്ച മാദ്ധ്യമപ്രവർത്തകർ, അത് ആണായാലും പെണ്ണായാലും ശരീരം വിറ്റ് ജീവിക്കുന്നതാണ് ഇതിലും ഭേദമെന്നായിരുന്നു ഫേസ്ബുക്ക് ലൈവിലൂടെ എം.എൽ.എയുടെ ആക്ഷേപം.

വിവാദമായതോടെ എം.എൽ.എ ഖേദം പ്രകടിപ്പിച്ചു. പ്രതിഭയുടെ പരാമർശത്തെ തള്ളിപ്പറഞ്ഞ സി.പി.എം ജില്ലാ നേതൃത്വം അവരോട് വിശദീകരണം ചോദിക്കുമെന്നും വ്യക്തമാക്കി.

എം.എൽ.എ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാകാതെ ഓഫീസ് പൂട്ടി വീട്ടിലിരിക്കുന്നതിനെ പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാക്കൾ വിമർശിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെയുള്ള പ്രവർത്തനം മതിയാക്കി നാട്ടിലിറങ്ങാനും അവർ ആവശ്യപ്പെട്ടു. എന്നാൽ, കൊവിഡിനെക്കാൾ മാരകമായ മനുഷ്യ വൈറസുണ്ടെന്ന പോസ്റ്റായിരുന്നു ഇതിനു മറുപടി. ഇക്കാര്യങ്ങൾ വാർത്തയായതാണ് പ്രതിഭയെ ചൊടിപ്പിച്ചത്.

പ്രതിഭ പറഞ്ഞത്:

മാദ്ധ്യമങ്ങളുടെ പരിലാളനയിൽ വളർന്നയാളല്ല ഞാൻ. ഞാൻ പറയാത്തതാണ് പ്രചരിപ്പിക്കുന്നത്. മാദ്ധ്യമ പ്രവർത്തകരോട് ഒന്നേ പറയാനുള്ളൂ, ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ്. ആണായാലും പെണ്ണായാലും. തെരുവിൽ ശരീരം വിറ്റു നടക്കുന്ന പാവപ്പെട്ട സ്ത്രീകളുണ്ട്, മറ്റ് മാർഗമൊന്നുമില്ലാത്തതുകൊണ്ട്. അവരുടെ കാലുകഴുകി വെള്ളം കുടിക്ക്. നല്ലത് അതാണ്...

'മാദ്ധ്യമപ്രവർത്തകരെ ഒന്നടങ്കം അപമാനിക്കാൻ ശ്രമിച്ചിട്ടില്ല. തെറ്റിദ്ധാരണ ഉണ്ടായതിൽ ഖേദിക്കുന്നു. അന്യ സംസ്ഥാന തൊഴിലാളികളോട് കാണിക്കാറുള്ള മര്യാദ പോലും ചില മാദ്ധ്യമ പ്രവർത്തകർ എന്നോട് കാണിച്ചില്ല . അപമാനിക്കാനും വ്യക്തിഹത്യ നടത്താനും ശ്രമമുണ്ടായി. നിരന്തരം വേട്ടയാടപ്പെടുന്ന സാധു ജീവികൾ സ്വയരക്ഷയ്ക്ക് വേണ്ടി ചിലപ്പോഴെങ്കിലും വായ തുറക്കും. അത്രയേ ഞാനും ചെയ്തുള്ളൂ".

- യു. പ്രതിഭ എം.എൽ.എ

'എം.എൽ.എയുടെ വാക്കുകൾ ഒരു പൊതുപ്രവർത്തകയ്ക്ക് യോജിച്ചതല്ല. വിശദീകരണം തേടും. കമ്മിറ്രികളിൽ ആലോചിച്ച് ഉചിത സമീപനം സ്വീകരിക്കും.".

- ആ‌ർ.നാസ‌ർ, സി.പി.എം ജില്ലാ സെക്രട്ടറി

' പരാമർശങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണം. ഒരു ഇടതുപക്ഷ ജനപ്രതിനിധി ഉപയോഗിക്കാൻ പാടില്ലാത്ത പദപ്രയോഗമാണ് പ്രതിഭയുടേത്".

- ടി.ജെ.ആഞ്ചലോസ്, സി.പി.ഐ ജില്ലാ സെക്രട്ടറി

'പ്രതിഭടെ വാക്കുകൾ മാദ്ധ്യമ പ്രവർത്തകർക്കുണ്ടാക്കുന്ന പ്രയാസം വലുതാണ്. പോസ്റ്റ് പിൻവലിച്ച് മാദ്ധ്യമപ്രവർത്തകരോടും ജനങ്ങളോടും മാപ്പ് പറയണം".

- ഷാനിമോൾ ഉസ്‌മാൻ എം.എൽ.എ