കായംകുളം: സ്വന്തം പാർട്ടി നേതാക്കളെയും യുവജന സംഘടനാ നേതാക്കളെയും സമൂഹ മാദ്ധ്യമങ്ങളിലൂടെ ആക്ഷേപിക്കാൻ തെല്ലും മടിയില്ലാത്ത യു. പ്രതിഭ എം.എൽ.എ, എറ്റവുമൊടുവിൽ വനിതകൾ അടക്കമുള്ള മാദ്ധ്യമ പ്രവർത്തകരെയും നികൃഷ്ടമായ ഭാഷയിൽ അധിക്ഷേപിച്ചതോടെ രാഷ്ട്രീയ വ്യത്യാസമില്ലാതെ എം.എൽ.എയ്ക്കെതിരെ പ്രതിഷേധമുയരുന്നു. ഫേസ്ബുക്കിലൂടെ മാദ്ധ്യമ പ്രവർത്തകരെ അധിക്ഷേപിച്ച് നടത്തിയ പരാമർശം എൽ.എൽ.എ പിൻവലിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ആവശ്യപ്പെട്ടു.

ആലപ്പുഴയിലെ ഒരു ഉന്നത സി.പി.എം നേതാവിനെ യു. പ്രതിഭ ഫേസ്ബുക്കിൽ സൂരിനമ്പൂതിരിയോട് ഉപമിക്കുകയും അക്ഷേപിക്കുകയും ചെയ്തത് വിവാദമായിരുന്നു. എം.എൽ.എയുടെ വസ്ത്രധാരണത്തെപ്പറ്റിയും നിയമസഭാ കാന്റീനിലെ സഞ്ചാരങ്ങളെപ്പറ്റിയും വാർത്തകൾ പുറത്ത് വന്നതിനെ തുടർന്നാണ് നേതാവിനെതിരെ ആക്ഷേപങ്ങളുമായി ഇവർ രംഗത്ത് വന്നത്. പിന്നീട് കായംകുളത്തെ ഡി.വൈ.എഫ്.ഐ നേതാക്കളെ ആക്ഷേപിച്ചുകൊണ്ടാണ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. തന്നെ വിമർശിച്ച ഡി.വൈ.എഫ്.ഐ നേതാക്കളെ സൈബർ ഗുണ്ടകൾ എന്നാണ് വിശേഷിപ്പിച്ചത്.

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയോടായിരുന്നു പിന്നത്തെ അങ്കം. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ, ആരോഗ്യ വകുപ്പ് തന്നെ അവഗണിക്കുന്നതായി ചൂണ്ടിക്കാട്ടി എം.എൽ.എ പ്രകോപനപരമായ രീതിയിൽ കമന്റിടുകയും മന്ത്രി അതിനോട് പ്രതികരിക്കുകയും ചെയ്തിരുന്നു. പിന്നീട് ചെട്ടികുളങ്ങര ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രതിഭ ഇട്ട ഫോട്ടോയ്ക്ക്, തിരഞ്ഞെടുപ്പ് അടുത്തല്ലോ എന്ന നിർദോഷ കമന്റിട്ട മണ്ഡലത്തിലെ ഒരു വോട്ടറോട് നിങ്ങളുടെ പിതാവിന്റെ വകയാണോ എന്ന പ്രതികരണം വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു.

കായംകുളത്ത് കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നേതൃത്വം നൽകേണ്ട എം.എൽ.എ ഓഫീസ് അടച്ചിട്ട് വീട്ടിലിരുന്ന് ഫേസ്ബുക്കിൽ വ്യാപരിക്കുന്നത് ശരിയല്ലന്നാണ് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം മിനിസ ജബ്ബാർ, ഏരിയ വൈസ് പ്രസിഡന്റ് സാജിദ് ഷാജഹാൻ എന്നിവർ ഫേസ് ബുക്കിലൂടെ കുറ്റപ്പെടുത്തിയത്. എല്ലാവരും ഇതിനെ പിന്തുണച്ചു. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ച് ഒാഫീസ് തുറക്കാൻ നടപടി വേണമെന്നും ജനങ്ങൾക്ക് ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി.

 വിഷസർപ്പം വന്ന വഴി

ഏറ്റവും അവസാനമാണ് തന്റെ പ്രവർത്തനങ്ങളെ വിമർശിച്ച ഡി.വൈ.എഫ്.ഐ നേതാക്കളെയും പ്രവർത്തകരെയും വിഷ സർപ്പത്തോട് ഉപമിച്ചത്. വിഷ ജന്തുക്കളായ അവരെ ലോക്ക് ഡൗൺ കഴിഞ്ഞാൽ വാവ സുരേഷിനെ വരുത്തി മാളത്തിൽ നിന്ന് പുറത്തിറക്കുമെന്നും വെല്ലുവിളിച്ചു. ഇതിനെതിരെ ഡി.വൈ.എഫ്.ഐ നേതാക്കൾ പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ട്. ചിലമെഡിക്കൽ സ്റ്റോറുകളുടെ നമ്പർ ഫേസ്ബുക്കിൽ പങ്കുവെച്ച ശേഷം, വിളിച്ചാൽ അവർ മരുന്ന് വീട്ടിലെത്തിക്കുമെന്നുമുള്ള പ്രതിഭയുടെ പോസ്റ്റിനെയും ഡി.വൈ.എഫ്.ഐ പ്രവർത്തകർ വിമർശിച്ചിരുന്നു. മെഡിക്കൽ സ്റ്റോറിന്റെ നമ്പർ എല്ലാവർക്കും അറിയാമെന്നും സൗജന്യമായി മരുന്ന് എത്തിക്കുന്നതാണ് ഒരു എം.എൽ.എയുടെ വിജയമെന്നുമായിരുന്നു വിമർശനം. ഇതിന് മറുപടിയായിരുന്നു വിഷ സർപ്പങ്ങൾ എന്ന പരാമർശം. ഇത് വാർത്തയായതോടെയാണ് മാദ്ധ്യമ പ്രവർത്തകർ ശരീരം വിറ്റ് ജീവിക്കുന്നതാണ് നല്ലതെന്ന പരാമർശവുമായി എം.എൽ.എ എത്തിയത്.