അമ്പലപ്പുഴ: പറവൂർ പടിഞ്ഞാറ് വാടയ്ക്കൽ തീരത്ത് പ്രവർത്തിക്കുന്ന പ്രത്യാശ തീരം കൗൺസിലിംഗ് സെന്ററിൽ ലോക്ക് ഡൗൺ നിയമങ്ങൾ കാറ്റിൽ പറത്തി ഇരുപതോളം പേർ ഒത്തുകൂടി രാത്രിയിൽ പ്രാർത്ഥനയും കൈകൊട്ടിപ്പാട്ടും. പട്രോളിംഗിനിടെ ബഹളം കേട്ട് പൊലീസെത്തിയപ്പോൾ ചിതറിയോടിയ സംഘത്തിലെ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.

വയനാട് മാനന്തവാടി സ്വദേശിയും പറവൂർ വാടക്കലിൽ അംബുജാക്ഷന്റെ വീട്ടിൽ വാടക താമസക്കാരനുമായ ഡോ. നിഖിൽ (37), കാലടി ശ്രീമൂലം നഗരത്തിൽ കുറിയോടം വീട്ടിൽ സിജോ (43), കരുനാഗ പള്ളി തഴവ പാലോട്ട് വീട്ടിൽ അർജുനൻ (22) എന്നിവരെയാണ് പുന്നപ്ര എസ്.ഐ. രാജൻ ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന 17 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പകർച്ചവ്യാധി വ്യാപന നിയന്ത്രണ നിയമ പ്രകാരമുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തത്. സ്ഥാപനം പൊലീസ് സീൽ ചെയ്തു.