ഹരിപ്പാട്: കാൻസർ രോഗിയായ വയോധികയ്ക്ക് മരുന്ന് എത്തിച്ച് ഫയർഫോഴ്സ്. കാർത്തികപ്പള്ളി വാലേ വീട്ടിൽ ലീലാമ്മ( 65)യ്ക്കാണ് ഇന്നലെ മരുന്ന് എത്തിച്ചത്. തിരുവനന്തപുരം ആർ. സി. സി യിൽ നിന്നുള്ള മരുന്ന് ലോക്ക് ഡൗൺ ആയതിനാൽ വാങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് അറിയിച്ചതിനെ തുടർന്നാണ് ഫയർഫോഴ്സ് ഇടപെടുകയും ആർ.സി.സി യിൽ ബന്ധപ്പെടുകയും ചെയ്തു. അവിടെ നിന്നും മരുന്ന് കായംകുളം ഫയർഫോഴ്സ് ഓഫിസിൽ എത്തിച്ചു. തുടർന്ന് ഹരിപ്പാട് ഓഫീസിൽ നിന്നും ലീലാമ്മയുടെ എത്തിച്ചു കൊടുത്തു. കൂടാതെ കരുവാറ്റ സ്വകാര്യ ആശുപത്രിയിൽ അസ്ഥി സംബന്ധമായ ചികിത്സയിൽ ആയിരുന്ന കൊല്ലം സ്വദേശി ഇന്ദിരാമ്മയ്ക്കുള്ള മരുന്നും കൊല്ലത്ത് രോഗിയുടെ വീട്ടിൽ വൈകുന്നേരത്തോടെ എത്തിച്ചു.