 ഇ- ലേണിംഗ് വ്യാപകമാക്കി സ്കൂളുകളും കോളേജുകളും

ആലപ്പുഴ: കൊവിഡ് 19ഉം ലോക്ക് ഡൗണും ചേർന്ന് ക്ളാസ് മുറികളുടെ വാതിലടച്ചതോടെ ഓൺലൈൻ ക്ലാസുകൾ വ്യാപകമാകുന്നു. അദ്ധ്യയനം നഷ്ടപ്പെടാത്ത തരത്തിൽ ഇ- ലേണിംഗ് സമ്പ്രദായത്തെ ആശ്രയിക്കുകയാണ് വിവിധ സ്കൂളുകളും കോളേജുകളും.

ക്ലാസ് റൂമിലെ പോലെ തന്നെ അദ്ധ്യാപകരുടെ ക്ലാസുകൾ കുട്ടികൾക്ക് ഓൺ ലൈൻ സംവിധാനത്താൽ കാണാനും കേൾക്കാനും സാധിക്കും. പ്ലേ സ്റ്റോറിൽ നിന്ന് ഇതിനുളള ആപ് ഡൗൺ ലോഡ് ചെയ്യാവുന്നതാണ്. കുട്ടികളുടെ യൂസർ ഐഡിയും പാസ് വേർഡും കൊടുത്താൽ സോഫ്റ്റ് വെയറിൽ കടക്കാം. എത്ര കുട്ടികൾ ഓൺലൈൻ ക്ലാസുകൾ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് അധികൃതർക്ക് മനസിലാക്കാനും സാധിക്കും. പുതുമയുള്ള പഠന രീതിയിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും സംതൃപ്തരാണ്. വീഡിയോ ക്ലാസുകളായതിനാൽ പാഠഭാഗങ്ങൾ വേഗം മനസിലാക്കാൻ സാധിക്കുന്നു എന്നതാണ് വിദ്യാർത്ഥികൾക്കിടയിൽ പുത്തൻ പദ്ധതി ഹിറ്റാവാൻ കാരണം. റെക്കോ‌ർഡ് ചെയ്ത് അയയ്ക്കുന്ന ക്ലാസുകൾ എപ്പോൾ വേണമെങ്കിലും കാണാം എന്നതാണ് മറ്റൊരു പ്രത്യേകത. ജില്ലയിൽ വിവിധ എൻജിനീയറിംഗ് കോളേജുകളും സി.ബി.എസ്.ഇ സ്കൂളുകളും ഇത്തരത്തിൽ കുട്ടികൾക്കുള്ള പാഠഭാഗങ്ങൾ ഇന്റർനെറ്റിലൂടെ അയച്ചുകൊടുക്കുന്നുണ്ട്. കുട്ടികളുടെ യൂസർ ഐഡിയിലേക്കോ വാട്സാപ്പിലേക്കോ പാഠഭാഗങ്ങൾ അദ്ധ്യാപകർക്ക് അപ് ലോഡ് ചെയ്യാനും സാധിക്കും. ക്ലാസുകൾക്ക് ശേഷം ഓൺലൈനായി തന്നെ പരീക്ഷകൾ നടത്താനും സംവിധാനമുണ്ട്.

 പഠനം രസകരം

ഇഷ്ടമുള്ള സമയത്ത് വീഡിയോ ട്യൂട്ടോറിയൽ കാണാം. ഗ്രാഫിക്കൽ അവതരണശൈലി കുട്ടികൾക്ക് വേഗത്തിൽ മനസിലാക്കാം. പഠനം, അസൈൻമെന്റുകൾ, ക്വിസ്, പരീക്ഷ തുടങ്ങി എല്ലാം നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ്. സ്മാർട്ട് ഫോൺ, ലാപ്ടോപ്പ്, ഇന്റർനെറ്റ് എന്നിവ ഉപയോഗിക്കുന്നതിനാൽ കുട്ടികൾക്ക് ക്ലാസുകൾ രസകരമാവും.

 സൗജന്യ സേവനം

അദ്ധ്യാപകർ വീട്ടിലിരുന്ന് തയ്യാറാക്കുന്ന വീഡിയോ ക്ലാസുകൾ വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് മനസിലാക്കാം. ലിൻവേയ്സ് അക്കാഡമിക്ക് മാനേജ്മെന്റ് സിസ്റ്റം ഉപയോഗിച്ചാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീഡിയോ പാഠങ്ങൾ അപ് ലോഡ് ചെയ്യുന്നത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ലൈവ് സ്ട്രീമിംഗ് ഉൾപ്പെടയുള്ള സേവനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേണ്ടി സൗജന്യമായാണ് ലിൻവേയ്സിന്റെ സോഫ്റ്റ് വെയറിലൂടെ നൽകുന്നത്. പരമാവധി 15 മുതൽ 20 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ റെക്കോർഡ് ചെയ്ത് എംപെക് ഫോർമാറ്റിലാക്കിയാണ് അദ്ധ്യാപകർ അപ് ലോഡ് ചെയ്യുന്നത്.

 ആശയവിനിമയം ഓൺലൈനിൽ

നോട്ടുകൾ മുൻകൂട്ടി നൽകിയശേഷം ഓരേ സമയം അദ്ധ്യാപകരും മുഴുവൻ വിദ്യാർത്ഥികളും ഓൺലൈനിലെത്തി പരസ്പരം ആശയവിനിമയം നടത്തി സംശയനിവാരണം ഉൾപ്പടെ നടത്തുന്ന സംവിധാനമാണ് ഫ്ലിപ്പ്ഡ് ക്ലാസ് റൂം. എന്നാൽ എല്ലാ വിദ്യാർത്ഥികൾക്കും ഇന്റ‌ർനെറ്റ് സംവിധാനം ഒരേ സമയം ലഭ്യമല്ലാത്തതിനാൽ ജില്ലയിൽ ഈ രീതി വ്യാപകമായിട്ടില്ല.

.......................

വിദ്യാ‌ർത്ഥികൾക്ക് പഠനം രസകരമാകുന്നു എന്നതാണ് ഡിജിറ്റൽ ക്ലാസ് റൂമുകളുടെ പ്രത്യേകത. അദ്ധ്യാപകർക്കും ഇത് വേറിട്ട അനുഭവമാണ്. ഭാവിയിലും ആശ്രയിക്കാൻ കഴിയുന്ന മികച്ച പഠനരീതിയാണ് ഡിജിറ്റൽ ക്ലാസ്റൂം

(ആർ. രഞ്ജിത്ത്, അസിസ്റ്റ്ന്റ് പ്രൊഫസർ,

കാർമ്മൽ കോളേജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി)