ആലപ്പുഴ:സന്നദ്ധ പ്രവർത്തകരും സംഘടനകളും കൈമെയ് മറന്ന് പ്രവർത്തിച്ച പ്രളയകാലം മറക്കാറായിട്ടില്ല. കരകയറാൻ കഴിയില്ലെന്ന് ആശങ്കപ്പെട്ട ആ കാലത്തെ മറികടക്കാൻ അത്യദ്ധ്വാനമാണ് നടത്തിയത്. എന്നാൽ പ്രളയകാലത്തെ മനോഭാവത്തോടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന മുന്നറിയിപ്പ് നൽകുകയാണ് ആലപ്പുഴ മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം പ്രൊഫ.ഡോ.ബി.പത്മകുമാർ. പല സ്ഥലങ്ങളിലും സന്നദ്ധ പ്രവർത്തകർ സംഘം ചേർന്നുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണിത്.
പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളവർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇറങ്ങരുത്
60 വയസിന് മേലുള്ളവരും പ്രമേഹം, ഹൃദ്രോഗം,ഹൈപ്പർടെൻഷൻ, ആസ്മ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുള്ളവരും ഇറങ്ങരുത്. അത്തരക്കാർക്ക് ശാരീരിക പ്രതിരോധം നന്നേ കുറവായിരിക്കും
സംഘം ചേർന്നുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കുക. കാറിൽ സഞ്ചരിക്കുമ്പോൾ രണ്ട് പേരിലധികം പാടില്ല.ഇരു ചക്രവാഹനങ്ങളിൽ ഒരാൾ മാത്രം സഞ്ചരിക്കുക
വ്യക്തിപരമായി സാമൂഹിക അകലം പാലിക്കുന്നതിനൊപ്പം എല്ലായ്പ്പോഴും മാസ്ക് ധരിക്കുക
കമ്യൂണിറ്റി കിച്ചണുകളിൽ പ്രവർത്തിക്കുന്നവർ തിരക്ക് പരമാവധി ഒഴിവാക്കുന്നതിനൊപ്പം മാസ്കും ഗ്ളൗസും ധരിക്കുക
പ്രവർത്തനങ്ങൾക്ക് ശേഷം വീട്ടിലെത്തിയാൽ മാസ്കുകളും ഗ്ളൗസുകളും കത്തിച്ചു കളയുക. ധരിച്ചിരുന്ന വസ്ത്രങ്ങൾ കഴുകാനിട്ട് ശരീര ശുദ്ധി വരുത്തിയ ശേഷം മാത്രം വീട്ടിലെ അംഗങ്ങളുമായി ഇടപഴകുക
സ്വയം സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഇറങ്ങരുത്. സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദ്ദേശങ്ങൾ അനുസരിച്ചു മാത്രം പ്രവർത്തിക്കുക