dg

മാവേലിക്കര: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെത്തുടർന്ന് ഭക്ഷണവും വെള്ളവും കിട്ടാതെ മാവേലിക്കര നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന നൂറു കണക്കിന് തെരുവ് നായ്ക്കൾക്ക് എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയന്റെ നേതൃത്വത്തിൽ ഭക്ഷണം നൽകി.

രാവിലെ 11ന് കണ്ടിയൂർ ചന്ത, മുനിസിപ്പൽ പാർക്ക്, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, പുതിയകാവ് മാർക്കറ്റ്, റെയിൽവേ, മിച്ചൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ അലഞ്ഞു നടന്ന നായ്ക്കൾക്കാണ് ഭക്ഷണം നൽകിയത്. ഭക്ഷണം കിട്ടാത്തതിനാൽ ഇവ വീടുകളിൽ വളർത്തുന്ന പക്ഷിമൃഗാദികളെ ആക്രമിക്കുന്ന സ്ഥിതിയായിരുന്നു.

അതിനൊരു പരിഹാരമായിട്ടു കൂടിയാണ് ഇക്കാര്യം യൂണിയൻ നേതൃത്വം ഏറ്റെടുത്തത്.

തെരുവോരങ്ങളിൽ കഴിയുന്നവർക്കും അന്യ സംസ്ഥാന തൊഴിലാളികൾക്കും കഴിഞ്ഞ ആറ് ദിവസമായി യൂണിയൻ നേതൃത്വത്തിൽ ഭക്ഷണം സമാഹരിച്ച് മാവേലിക്കര, മാന്നാർ പൊലീസ് സ്റ്റേഷനുകൾ മുഖേന നൽകുന്നതിനിടെയാണ് തെരുവു നായ്ക്കളെയും സംരക്ഷിക്കാൻ തീരുമാനിച്ചത്. യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ.സിനിൽ മുണ്ടപ്പള്ളി നേതൃത്വം നൽകി. കൂടാതെ താമരക്കുളം മേഖലയുടെ പൊതിച്ചോർ വിതരണവും നടന്നു. മാവേലിക്കര, മാന്നാർ പൊലീസിനെ പ്രതിനിധീകരിച്ച് ബി.വിനോദ് കുമാർ, ജോസ് മാത്യു എന്നിവർ ഏറ്റുവാങ്ങി. യോഗം മുൻ ബോർഡ് മെമ്പർ ദയകുമാർ ചെന്നിത്തല, രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്ര, ബി.സത്യപാൽ, മുൻസിപ്പൽ കൗൺസിലർ സുരേഷ് കുമാർ, എസ്. അനിൽ രാജ്, വിനു ധർമ്മരാജ്, ശ്രീജിത്ത്, രാജീവ്, മഹേഷ് വെട്ടികോട്, സുമേഷ്, അനിൽകുമാർ ഇരമത്തൂർ എന്നിവർ നേതൃത്വം നൽകി. ഇന്ന് ചുനക്കര മേഖലയുടെ പൊതിച്ചോർ വിതരണത്തിന് യോഗം മുൻ ഇൻസ്പെക്ടിംഗ് ഓഫീസർ ജയകുമാർ പാറപ്പുറം, രഞ്ജിത് രവി, സന്തോഷ് പാറക്കുളങ്ങര എന്നീവർ നേതൃത്വം നൽകും.