ആലപ്പുഴ: ലോക്ക് ഡൗൺ മൂലം കീടനാശിനി ലഭിക്കാതെ വന്നതോടെ, പാടശേഖരങ്ങളിലെ മുഞ്ഞബാധയ്ക്ക് തടയിടാനാവാതെ കുട്ടനാടൻ കർഷകർ ആശങ്കയിൽ. വിളവെടുപ്പിന് പാകമായ കന്നിട്ട പാടശേഖരത്തിലെ വിവിധ പാടങ്ങളിലാണ് മുഞ്ഞബാധ രൂക്ഷമാവുന്നത്.
മരുന്ന് തളിക്കാതിരുന്നാൽ രോഗം വ്യാപിച്ച് വിളവെടുപ്പിനെ ബാധിക്കും. നിശ്ചിത അളവിൽ മരുന്ന് കലക്കി ഒഴിച്ചിട്ട് പോലും പല സാഹചര്യങ്ങളിലും മുഞ്ഞബാധയെ മറികടക്കാൻ സാധിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽ മരുന്നു കിട്ടാനില്ലാത്ത അവസ്ഥയിൽ എന്ത് ചെയ്യുമെന്നാണ് കർഷകർ ചോദിക്കുന്നത്. അതേ സമയം പല സ്ഥലത്തും അനധികൃത കീടനാശിനി വില്പന നടക്കുന്നതായി ആക്ഷേപമുണ്ട്. നിയമം മറികടന്ന് കീടനാശിനി ലഭിക്കാൻ ലോക്ക് ഡൗണിൽ അവസരമില്ലാത്തതിനാൽ പല കർഷകരും അനധികൃത കച്ചവടക്കാരെ തേടി പോകുന്ന സ്ഥിതിയിലാണ്.
പകൽ സമയത്തെ വെയിലും രാത്രിയിലെ കുറഞ്ഞ താപനിലയും ആപേക്ഷിക ആർദ്രതയും മൂടിക്കെട്ടിയ അന്തരീക്ഷവുമാണ് മുഞ്ഞ വ്യാപിക്കാൻ കാരണം. മുഞ്ഞയെ നശിപ്പിക്കുന്ന പല ജീവികളും പ്രളയത്തോടെ ഇല്ലാതായതും ഇവയ്ക്ക് സഹായകരമായി.
....................................
കന്നിട്ട് പാടശേഖരത്തിലെ ചില ഭാഗങ്ങളിലാണ് മുഞ്ഞ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിളവെടുപ്പിന് പാകമായ നെല്ലാണ്. മരുന്ന് കിട്ടാത്തത് പ്രതിസന്ധിയായിട്ടുണ്ട്. രോഗം കൂടിയാൽ ചെടികൾ കരിഞ്ഞ് വിളവ് കുറയും
(വി.കെ.മോഹനൻ, സെക്രട്ടറി, കന്നിട്ട ബ്ലോക്ക് പാടശേഖരസമിതി)