കൊച്ചി: കൊവിഡ് 19 പ്രതിരോധനടപടികൾക്ക് പിന്തുണ പ്രകടിപ്പിക്കാൻ ഇന്ന് എല്ലാ കേരളീയരും ഐക്യദീപം തെളിയിക്കണമെന്ന് ബി.ഡി.ജെ.എസ്. അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അഭ്യർത്ഥിച്ചു.

ഇന്ന് രാത്രി 9ന് 9 മിനിറ്റ് വീടുകളിൽ ദീപം തെളിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം നമുക്ക് പ്രചോദനമാകണം. ഒരു ജനതയുടെ പ്രകാശമായി ഇത് മാറണം. മാനവരാശിക്ക് തന്നെ ഭീഷണിയായ ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ ഇന്ത്യയും കേരളവും കൈക്കൊള്ളുന്ന നടപടികളെ ലോകം പ്രതീക്ഷയോടെ കാണുന്ന കാലമാണിത്. കൊവിഡിനെതിരായ യുദ്ധം ജയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും എല്ലാ മലയാളികളും സർവാത്മനാ പിന്തുണ നൽകണം. രാജ്യത്ത് ആരും ഇക്കാര്യത്തിൽ ഒറ്റപ്പെടുന്നില്ലെന്ന് തെളിയിക്കാൻ ഐക്യദീപം വഴിയൊരുക്കുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.