photo

 73-ാം വയസിലും കൃഷിയിൽ സജീവം

ചേർത്തല: കഞ്ഞിക്കുഴിയെ കാർഷിക ഗ്രാമമാക്കി ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന റിട്ട. കൃഷി ഓഫീസറും കർഷക മിത്രം അവാർഡ് ജേതാവുമായ ടി.എസ്.വിശ്വൻ, ലോക്ക് ഡൗണിന്റെ പാരമ്യതയിലും നാട്ടിലെ കൃഷിയിടങ്ങളിൽത്തന്നെയാണ്. വയസ് 73 ആയെങ്കിലും അതിന്റേതായ യാതൊരു 'ഇളവും' കൃഷിയിൽ അദ്ദേഹം കാണിക്കുന്നേയില്ല.

തണ്ണീർമുക്കം 13-ാം വാർഡ് മുട്ടത്തിപ്പറമ്പ് ചിന്താഭവനിൽ ടി.എസ്. വിശ്വൻ 1987 മുതൽ 2002 വരെ കഞ്ഞിക്കുഴി കൃഷി ഓഫീസറായിരുന്നു.1994ലാണ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.സ്വാതന്ത്ര്യവുമായി ചേർന്ന് ജനകീയ പച്ചക്കറി കൃഷിക്ക് തുടക്കം കുറിക്കുന്നത്. സ്വന്തം കൃഷിയേക്കാൾ പഞ്ചായത്തിലെമ്പാടും കൃഷിയിടങ്ങൾ വ്യാപിപ്പിക്കലായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ജനകീയാസൂത്രണം നടപ്പായതോടെ കഞ്ഞിക്കുഴി കേരളത്തിലെ ഏറ്റവും പേരുകേട്ട കാർഷിക ഗ്രാമങ്ങളിലൊന്നായി. കഞ്ഞിക്കുഴി പയറെന്ന പേരിൽ സ്വന്തമായി ഒരു പയറിനവും നാടിന് സമ്മാനിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫീസിന് സമീപത്ത് നടന്ന ചടങ്ങിൽ അന്നത്തെ കൃഷി മന്ത്രി കൃഷ്ണൻ കണിയാംപറമ്പിലായിരുന്നു നാമകരണം നടത്തിയത്. 2002ൽ സർവീസിൽ നിന്ന് പിരിഞ്ഞ ശേഷം കാർഷിക രംഗത്ത് സജീവമായി. നിലവിൽ കഞ്ഞിക്കുഴി ബ്ലോക്കിലെ കാർഷിക സേവന കേന്ദ്രത്തിന്റെ മുഖ്യ ചുമതലക്കാരനാണ്.

കെ.ബി. വത്സലയാണ് ഭാര്യ. ഹൈക്കോടതി അഭിഭാഷകനായ മനു വിൽസൺ മകനാണ്. മരുമകൾ കെ. വിദ്യയും ഹൈക്കോടതി അഭിഭാഷകയാണ്. വിശ്വന്റെ ഫോൺ: 9496884318

 കൃഷിരീതി

നടുന്നതിന് മുന്നോടിയായി ചാണക ലായനിയിലോ ചാര ലായനിയിലോ മുക്കിയെടുത്ത് തണലത്ത് വച്ചു വലിയുമ്പോൾ നടാം. കാച്ചിലിന് മാത്രം അല്പം ആഴമുള്ള കുഴി.അതിൽ കരിയില, അഴുകിപ്പൊടിഞ്ഞ ചാണകം,വളാംശമുള്ള മേൽ മണ്ണ് എന്നിവ തുല്യ അളവിൽ യോജിപ്പിച്ച് നിറയ്ക്കണം. മദ്ധ്യത്തിൽ ചെറുകുഴിയെടുത്ത് ഒരു കിലോ തൂക്കം വരെയുള്ള കാച്ചിൽക്കഷ്ണം നടാം. ചേനയുടെ കാര്യത്തിൽ അധികം താഴ്ചയില്ലാത്ത കുഴിയെടുത്ത് കരിയിലപ്പൊടി, അഴുകിപ്പൊടിഞ്ഞ ചാണകം എന്നിവ സമം യോജിച്ചിച്ച് നിറയ്ക്കണം. നടുവിൽ അരക്കിലോ തൂക്കമുള്ള ചേനക്കഷണങ്ങൾ നടാം. പച്ച ചാണകലായനിയിൽ മുക്കി വച്ച് നടണം. മ​റ്റ് കിഴങ്ങുവിളകൾക്കെല്ലാം വരമ്പുകളും തടങ്ങളുമെടുത്തു നടാം.

 അലയേണ്ട


മധുരക്കിഴങ്ങ്, കൂർക്ക എന്നിവയുടെ തൈകൾക്കായി അലയേണ്ട.സമീപത്തെ കടയിൽ നിന്നു നല്ല മുഴുപ്പും ഭംഗിയുമുള്ള കായ്കൾ വാങ്ങി കിളിർപ്പിച്ചാൽ ആവശ്യത്തിനു തൈകളാകും. ചാണകവും മണ്ണും നന്നായി കലർത്തിയ ചെറുതടങ്ങളിലോ ചട്ടിയിലോ ചാക്കിലോ പാകാം. 25-30 ദിവസം കൊണ്ട് തലപ്പുകൾ നുള്ളി നടാം. മേല്പറഞ്ഞ എല്ലാ കിഴങ്ങുവർഗങ്ങളും ഗ്രോബാഗുകളിൽ വളർത്താം, മരച്ചീനിയും കാച്ചിലും ഒഴികെ. കപ്പയും കാച്ചിലും ചേമ്പും ചേനയും കിഴങ്ങും പിന്നെ, അപ്പുറവുമിപ്പുറവുമുള്ള കടലും കായലും തരുന്ന മത്സ്യവുമാകുമ്പോൾ പട്ടിണിക്കാലം പടി കടന്നു വരില്ലെന്നാണ് വിശ്വന്റെ പക്ഷം.

...............................................

പണിയില്ല, ഭാഗ്യക്കുറി പോലുമില്ല എന്നപേരിൽ വെറുതെ കയ്യും കെട്ടിയിരിക്കുന്നവർ ഓർമ്മിക്കുക, ഭാവിയിൽ പട്ടിണിയും വരും. പട്ടിണിക്ക് മരുന്ന് ഭക്ഷ്യ വിഭവങ്ങൾ തന്നെ. ഭക്ഷ്യ വിഭവങ്ങളിൽ പ്രധാനികൾ മണ്ണിലെ നിധിയെന്നറിയപ്പെടുന്ന കിഴങ്ങുവർഗ വിളകളാണ്. ചേമ്പ്,ചേന,കാച്ചിലുകൾ,ചെറുകിഴങ്ങ്,നന കിഴങ്ങ്, മധുരക്കിഴങ്ങ്, മരച്ചീനി,കൂർക്ക,ഇഞ്ചി,മഞ്ഞൾ,കൂവ എന്നിവ കൃഷിചെയ്യാൻ പ​റ്റിയ സമയമാണിത്

(ടി.എസ്. വിശ്വൻ)