ഹരിപ്പാട്: ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നിയന്ത്രണത്തിൽ ഹരിപ്പാട് നാരകത്തറ മംഗല്യ ആഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന സാമൂഹിക അടുക്കളയുടെ പ്രവർത്തനം ശ്രദ്ധേയമാകുന്നു.
എട്ടു ദിവസം പിന്നിടുമ്പോൾ ഉച്ചഭക്ഷണം മാത്രമായി 5600 പൊതികളാണ് വിതരണം ചെയ്തത്. തോട്ടപ്പള്ളി മുതൽ രാമപുരം വരെയുള്ള വഴിയോരത്തെ അതിഥികൾക്കും എല്ലാ ദിവസവും ഉച്ചയ്ക്ക് 1നും 2നുമിടയിൽ ഉച്ചഭക്ഷണപ്പൊതി എത്തിക്കും. ഹരിപ്പാട് ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ കഴിയുന്നവർക്ക് രാവിലെ 7.30 ന് ഭക്ഷണം എത്തിക്കും. 8.30 മുതൽ കിടപ്പ് രോഗികൾക്കും പ്രഭാത ഭക്ഷണം നൽകും. പ്രഭാത ഭക്ഷണം ലഭിക്കാതെ നഗരത്തിൽ കഴിയുന്ന എല്ലാവർക്കും ഭക്ഷണം എത്തിക്കുന്നുണ്ട്. വൈകുന്നേരങ്ങളിൽ പ്രത്യേക പരിഗണന വിഭാഗത്തിൽപ്പെട്ടവർക്കുമാത്രം ഭക്ഷണപ്പൊതികൾ എത്തിക്കും.
തലേദിവസം രാത്രി 10 വരെ ലഭിക്കുന്ന സന്ദേശങ്ങൾ വഴിയാണ് അതത് ദിവസത്തെ ഭക്ഷണപ്പൊതി എത്തിക്കാൻ നടപടി സ്വീകരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ കൺട്രോൾ റൂമിൽ നിന്നറിയിക്കുന്ന എല്ലാവർക്കും ഭക്ഷണമെത്തിക്കാൻ സംഘാടകർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.