കായംകുളം: രോഗികളായ കൃഷ്ണകുമാരിക്കും വിഷ്ണുവിനും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് എറണാകുളത്ത് നിന്നും കോട്ടയത്തു നിന്നും മരുന്നെത്തിച്ചുകൊണ്ട് ഫയർ ഫോഴ്സ് അധികൃതർ ആശ്വാസം പകർന്നു.
വാത്തിക്കുളം സിബി ഭവനത്തിൽ കൃഷ്ണകുമാരി (64) കഴിഞ്ഞ ആറ് മാസമായി കാൻസർ മരുന്ന് കഴിക്കുന്നുണ്ട്. കോട്ടയം മെഡിക്കൽ കോളേജിലെ നീതി മെഡിക്കൽ സ്റ്റോറിൽ ലഭിക്കുന്ന മരുന്ന് വാങ്ങാൻ സാധിക്കാതെ വന്നതോടെയാണ് കായംകുളം മുരിക്കുംമൂടിന് സമീപം താമസിക്കുന്ന കൃഷ്ണകുമാരിയുടെ മകൾ ഷീബ ശനിയാഴ്ച രാവിലെ കായംകുളം ഫയർഫോഴ്‌സിന്റെ സഹായം തേടിയത്. തുടർന്ന് കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, മാവേലിക്കര നിലയങ്ങൾ കൈമാറി ഉച്ചകഴിഞ്ഞപ്പോൾ മരുന്ന് വീട്ടിലെത്തി. കായംകുളം ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സിവിൽ ഡിഫൻസ് വോളണ്ടിയർമാരും ചേർന്നാണ് മരുന്ന് വീട്ടിൽ എത്തിച്ചത്.
കിഡ്നി മാറ്റിവച്ച ശേഷം രണ്ട് വർഷമായി മുടങ്ങാതെ മരുന്ന് കഴിക്കുന്നയാളാണ് കൃഷ്ണപുരം പാലത്തിന്റെ വടക്കതിൽ വീട്ടിൽ വിഷ്ണു (27). എറണാകുളം അമൃത ആശുപത്രിയിൽ മാത്രം ലഭിക്കുന്ന മരുന്ന് എങ്ങനെ വാങ്ങും എന്ന ആശങ്കയിലായി. തുടർന്ന് ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് വിഷ്ണു ഫയർഫോഴ്സിൽ വിളിച്ചത്. തുടർന്ന് വിവിധ നിലയങ്ങൾ സഹകരിച്ച് മണിക്കൂറുകൾക്കകം മരുന്ന് കായംകുളത്തെത്തി. രാവിലെ ഉറക്കം എണീറ്റ വിഷ്ണു കാണുന്നത് കായംകുളം ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മരുന്നുമായി വീട്ടുമുറ്റത്ത് നിൽക്കുന്നതാണ്. ജീവൻരക്ഷാ മരുന്നുകൾ ലഭിക്കാതെ വീടുകളിൽ കഴിയുന്നവർ 101ൽ വിളിച്ചാൽ കേരളത്തിൽ എവിടെ നിന്നും ഫയർഫോഴ്സ് മരുന്ന് എത്തിച്ചു നൽകും.