photo

ചേർത്തല: തണ്ണീർമുക്കത്തെ സാമൂഹ്യ അടുക്കളയായ 'പാഥേയം' വീക്ഷിക്കാനെത്തിയ ധനമന്ത്റി തോമസ് ഐസക്കിനെ കുട്ടികൾ ഓൺലൈൻ പാഠ്യപദ്ധതിയിൽ കുടുക്കി.

45 മിനിട്ടോളമാണ് മന്ത്റി കുട്ടികളോടൊപ്പം ചെലവിട്ടത്. കൊറോണ പ്രതിരോധം മൂലം വീടുകളിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈനിലൂടെ പാഠ്യ പാഠ്യേതര വിഷയങ്ങൾ പങ്ക് വെയ്ക്കുന്ന സംസ്ഥാനത്തെ ആദ്യ മാതൃകാ പഠന രീതി വിലയിരുത്തിയ മന്ത്റി അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ജനപ്രതിനിധികളും ഒരുമിക്കുന്ന, മൊബൈലിലൂടെയുളള സംവാദത്തിലെ അദ്ധ്യാപകനുമായി. മന്ത്റിയുടെ നിർദ്ദേശങ്ങൾ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പുത്തൻ അനുഭവമായി. തണ്ണീർമുക്കം പഞ്ചായത്ത് എൽ.പി സ്‌കൂളിലാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്‌കൂൾ വികസന സമിതി ഓൺലൈൻ പഠന സംവിധാനം ഒരുക്കിയത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്. ജ്യോതിസിന്റെ അദ്ധ്യക്ഷതയിൽ നടന്ന അവലോകനത്തിൽ പങ്കെടുത്ത മന്ത്രി, ഓൺ ലൈൻ പഠനത്തിൽ പങ്കെടുക്കുന്ന എല്ലാ ക്ലാസിലെയും മികച്ച വിദ്യാർത്ഥികൾക്ക് അടുത്ത ശനിയാഴ്ച സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് അറിയിച്ചു. സ്‌കൂൾ വികസന സമിതി നടത്തുന്ന ഈ പദ്ധതിക്ക് അക്കാദമിക പിന്തുണയുമായി ഡയ​റ്റ് പ്രിൻസിപ്പൽ കെ.ആർ. വിശ്വംഭരൻ, ഡി.പി.ഒ എം.ഷുക്കൂർ എ.ഇ.ഒ കെ.ഷൈലജ, ബി.പി.ഒ ഷാജി മഞ്ജരി എന്നിവരും പദ്ധതിയുടെ കോ ഓർഡിനേ​റ്റർ ഡി.ബാബു, പി.ടി.എ പ്രസിഡന്റ് എസ്.നിധീഷ് എന്നിവരും രംഗത്തുണ്ട്. എല്ലാ ദിവസവും രാവിലെ 10 മുതലാണ് അദ്ധ്യാപകർ ഓൺലൈനിൽ വരുന്നത്. ഓരോ ദിവസത്തെയും കുട്ടികളുടെ ഉത്തരങ്ങൾ ബന്ധപ്പെട്ട അദ്ധ്യാപകർ മൂല്യ നിർണ്ണയം നടത്തി അടുത്ത ദിവസം രാവിലെ വാട്ട്‌സാപ് ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കും. പഞ്ചായത്ത് എൽ.പി സ്‌കൂളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന ഈ പഠന രീതി മ​റ്റ് സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്ന് വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ ബിനിത മനോജ് പറഞ്ഞു.