ചേർത്തല: കണ്ണിലെ കാൻസർ ബാധയ്ക്ക് അടിയന്തര ചികിത്സ വേണ്ട ഒന്നര വയസുകാരി അൻവിത രക്ഷാകർത്താക്കൾക്കൊപ്പം സർക്കാർ ആംബുലൻസിൽ ഇന്ന് ഹൈദരാബാദിലെ ആശുപത്രിയിലേക്ക് യാത്രതിരിക്കും.

സോഷ്യൽ സെക്യൂരിറ്റി മിഷന്റെ ആബുലൻസിലാണ് യാത്ര. ലോക് ഡൗൺ നിയന്ത്റണത്തിൽ മൂന്നു സംസ്ഥാനങ്ങളുടെ അതിർത്തി കടക്കേണ്ട സാഹചര്യത്തിലാണ് സർക്കാർ ഇടപെട്ടത്. അഡ്വ.എ.എം.ആരിഫ് എം.പിയുടെ ഇടപെടലിനെ തുടർന്ന് ആരോഗ്യമന്ത്റി കെ.കെ.ശൈലജ കുടുംബവുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നു. ചേർത്തല നഗരസഭ 21-ാം വാർഡ് മുണ്ടുവെളി വിനീത് വിജയന്റെയും ഗോപികയുടെയും മകളായ അൻവിത നാളുകളായി ഹൈദരാബാദ് എൽ.വി. പ്രസാദ് ആശുപത്രിയിലും അപ്പോളോ ആശുപത്രിയിലുമായി ചികിത്സയിലാണ്. ഏഴിനാണ് ഇനി ആശുപത്രിയിൽ എത്തേണ്ടത്. 6ന് പുറപ്പെട്ട് 7ന് ആശുപത്രിയിൽ എത്തുന്ന രീതിയിലാണ് സോഷ്യൽ സെക്യൂരി​റ്റി മിഷൻ യാത്ര സജ്ജീകരിച്ചിരുന്നത്. എന്നാൽ 6ന് ആശുപത്രിയിൽ എത്തണമെന്ന കുടുംബത്തിന്റെ അഭ്യർത്ഥനയെ തുടർന്നാണ് യാത്ര ഇന്നാക്കിയതെന്ന് എ.എം.ആരിഫ് എം.പി അറിയിച്ചു.

അതിർത്തികളിലെ തടസങ്ങൾ അക​റ്റാൻ സംസ്ഥാനചീഫ് സെക്രട്ടറി തമിഴ്‌നാട്, കർണാടക, ആന്ധ്ര,തെലുങ്കാന ചീഫ് സെക്രട്ടറിമാരുമായി ബന്ധപ്പെട്ടാണ് ക്രമീകരണം നടത്തിയത്. സാമൂഹിക സുരക്ഷാ മിഷൻ നോഡൽ ഓഫീസർ ഡോ.മുഹമ്മദ് അഷീലാണ് പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്. സാഹയിയുടെ സേവനമടക്കം സർക്കാർ ചെലവിലായിരിക്കും യാത്ര. സംസ്ഥാന സർക്കാരും മുൻമുഖ്യമന്ത്റി ഉമ്മൻചാണ്ടിയും ഇടപെട്ടതിനെ തുടർന്ന് തെലുങ്കാനയിലെ മലയാളി അസോസിയേഷനും സർക്കാരുുമായി ബന്ധപ്പെട്ട് സഹായങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന് ലിബി ബഞ്ചമിൻ അറിയിച്ചു. കേന്ദ്രമന്ത്റി വി.മുരളീധരന്റെ ഓഫീസും അതിർത്തികളിലെ തടസങ്ങൾ ഒഴിവാക്കാൻ ഇടപെട്ടിട്ടുണ്ട്. സേവാഭാരതിയും ആംബുലൻസ് സൗകര്യം ഒരുക്കിയിരുന്നു. കെ.പി.സി.സി നിർവാഹക സമിതിയംഗം എസ്.ശരത്തും യാത്ര അനുമതികൾക്കായി കുടുംബത്തിനൊപ്പമുണ്ട്.