ആലപ്പുഴ: ലോക്ക്ഡൗണും നിലവിൽ വന്നതിന് ശേഷം അടച്ചിട്ട തോട്ടപ്പള്ളി, അർത്തുങ്കൽ മത്സ്യബന്ധന തുറമുഖങ്ങളി​ൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മത്സ്യ വിപണനത്തിന് തുടക്കമായി. പരമ്പരാഗത വള്ളങ്ങളിൽ മത്സ്യബന്ധനം നടത്തിയവരിൽ നിന്നാണ് മത്സ്യമെടുത്ത് മത്സ്യഫെഡ് വിപണനം ചെയ്തത്. കഴിഞ്ഞദിവസം നടന്ന യോഗത്തിൽ ബന്ധപ്പെട്ട മാനേജിംഗ് കമ്മിറ്റികൾ ജില്ലയിൽ തോട്ടപ്പള്ളിയിലും അർത്തുങ്കലും മാത്രമായി ആദ്യ ഘട്ടത്തിൽ ലേലം ഒഴിവാക്കി ടോക്കൺ വ്യവസ്ഥയിൽ മത്സ്യ വിപണനം അനുവദിക്കാൻ തീരുമാനിച്ചിരുന്നു. രാവിലെ ആറു മുതൽ 12 മണി വരെയാണ് വിപണനം നടന്നത്. വിവിധതരം മത്സ്യങ്ങൾക്കുള്ള വിലയും നേരത്തെ നിശ്ചയിച്ചിരുന്നു. അഞ്ചിൽ താഴെ മാത്രം മത്സ്യത്തൊഴിലാളികൾ പോകുന്ന വള്ളങ്ങളിൽ നിന്നാണ് മത്സ്യം ഏറ്റെടുത്തത്. വിപണന സ്ഥലത്ത് അതത് വില്ലേജ്, പഞ്ചായത്ത് ഉദ്യോഗസ്ഥരും പൊലീസ്, ഫിഷറീസ് , ഹാർബർ എൻജിനി​യറിംഗ്, മത്സ്യഫെഡ് ഉദ്യോഗസ്ഥരും ഉണ്ടായി​രുന്നു.

# കരിക്കാടി,കഴന്തൻ ചെമ്മീനുകളുമായി​ മുറിവള്ളങ്ങൾ

തോട്ടപ്പള്ളി തീരത്ത് നിന്ന് വലിയ വള്ളങ്ങൾ ഒന്നും തന്നെ മത്സ്യ ബന്ധനത്തിന് പോയിരുന്നില്ല. നീർക്കുന്നത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മുറി​വള്ളങ്ങളാണ് ഇന്നലെ തോട്ടപ്പള്ളി ഹാർബറിൽ ചെമ്മീനുമായി എത്തിയത്. രാവിലെ ആറിന് എത്തിയ വള്ളങ്ങളിൽ കരിക്കാടി,കഴന്തൻ ചെമ്മീനുകളായിരുന്നു. കിലോയ്ക്ക് കരിക്കാടി 150രൂപയ്ക്കും കഴന്തൻ 250രൂപയ്ക്കുമാണ് വിറ്റത്. പിന്നീട് വന്ന ചെമ്മീൻ എടുക്കാൻ വ്യാപാരികൾ ഇല്ലാത്തതിനാൽ കിലോയ്ക്ക് 20രൂപ വീതം കുറച്ച് മത്സ്യഫെഡ് 1000കിലോ ശേഖരിച്ചു. വിറ്റുമാറുമോ എന്ന ആശങ്കയുള്ളതിനാലാണ് കൂടുതൽ ചെമ്മീൻ ചില്ലറ വ്യാപാരികൾ എടുക്കാതിരുന്നത്. അർത്തുങ്കൽ ഹാർബറിൽ നിന്നും വള്ളങ്ങൾ മത്സ്യബന്ധനത്തിന് പോതിരുന്നില്ല. ചെത്തി തീരത്തുനിന്ന് പോയ മുറിവള്ളങ്ങളിലെ മത്സ്യമാണ് അർത്തുങ്കൽ ഹാർബറിൽ വിപണനം നടത്തിയത്.