 ഉദ്യോഗസ്ഥ, ഭരണ നേതൃത്വങ്ങളുടെ കൂട്ടായ്മ കരുത്തായി

ആലപ്പുഴ: വിവിധ വകുപ്പുകളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനം, ശക്തമായ നിയന്ത്രണം, പ്രതിരോധ പ്രവർത്തനങ്ങളുടെ കൃത്യമായ ഏകോപനം... കൊവിഡ് വ്യാപനത്തിന് ജില്ലയിൽ ഒരു പരിധിവരെ കടിഞ്ഞാണിടാൻ കഴിഞ്ഞത് ഇതെല്ലാം സമാസമം ചേർന്നതിനാലാണെന്ന് നുസംശയം പറയാം.

ഏറ്റവും കുറച്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആലപ്പുഴ ജില്ലയിലാണ്, മൂന്ന് പേർക്ക് മാത്രം. ഇതിൽ രണ്ട് പേർ രോഗമുക്തി നേടി. ഒരാൾ മെഡിക്കൽ കോളേജ്ജി ആശുപത്രിയിൽ ചികിത്സയിലാണ്.ജില്ലാ ഭരണകൂടം ഭംഗിയായി ഉത്തരവാദിത്വങ്ങൾ നിറവേറ്റി.ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി.സുധാകരൻ ജില്ലാ ആസ്ഥാനത്ത് തങ്ങി ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയത് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തി.

സംസ്ഥാനത്ത് ശനിയാഴ്ച വരെ 306 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോഴാണ് സാംക്രമിക രോഗങ്ങളുടെ കലവറയായ ആലപ്പുഴ മൂന്നു പേരിലൊതുങ്ങിയത്.

ഇന്ത്യയിൽത്തന്നെ ഏറ്റവും ജനസാന്ദ്രത ഏറിയ ജില്ലയാണ് ആലപ്പുഴ. അതിസാരം, എലിപ്പനി, ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ വ്യാധികൾ ആവർത്തിക്കുന്ന പ്രദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയോടു ചേർന്ന് വൈറോളജി ലാബ് തുടങ്ങാൻ സംസ്ഥാന സർക്കാർ മുമ്പ് തീരുമാനമെടുത്തതും പിന്നീട് തുടങ്ങിയതും. കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും സ്തുത്യർഹമായ ഇടപെടലുകൾക്ക് പുറമെ ആരോഗ്യം, ആഭ്യന്തരം, റവന്യു, പൊതുമരാമത്ത്, ഭക്ഷ്യ വകുപ്പുകൾ കൈകോർത്ത് പ്രവർത്തിച്ചതും കൊവിഡ് പ്രതിരോധത്തിന് കരുത്തു പകർന്നു.

................................

# ആലപ്പുഴയുടെ മേൻമ

 സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലുള്ളത്: 1,71,355 പേർ

 ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളവർ: 7,973

 വീടുകളിൽ നിരീക്ഷണത്തിലുള്ളവർ: 7,966

 ആശുപത്രികളിലുള്ളവർ:13

 ഏറ്റവും കുറച്ചുപേർ ആശുപത്രിയിൽ കഴിയുന്ന ജില്ല ആലപ്പുഴ

 മറ്റ് ജില്ലകളിൽ നിരീക്ഷണത്തിലുള്ളത് 10,000 ത്തിന് മുകളിൽ ആളുകൾ

.......................................

# ഒറ്റമനസ്, ഒരു ലക്ഷ്യം

ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിച്ചതാണ് വലിയ കുഴപ്പമില്ലാത്ത നിലയിൽ കാര്യങ്ങൾ ഇതുവരെ എത്തിച്ചത്. സന്നദ്ധ പ്രവർത്തകരുടെയും സംഘടനകളുടെയും സേവനവും വിലമതിക്കേണ്ടതാണ്. മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തിൽ എല്ലാ പ്രധാന വകുപ്പു മേധാവികളുടെയും യോഗം വിളിച്ചു ചേർത്ത് പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുമ്പോൾ തന്നെയാണ് ജില്ലയുടെ പല ഭാഗങ്ങളിലെയും കുടിവെള്ള പ്രശ്നവും കുട്ടനാട്ടിലെ കൊയ്ത്ത് പ്രതിസന്ധിയും ഉടലെടുക്കുന്നത്. ആവശ്യമായിടത്ത് കുടിവെള്ളമെത്തിക്കാൻ ആവുന്ന ശ്രമങ്ങളെല്ലാം മന്ത്രിയുടെ നേതൃത്വത്തിൽ നടത്തി. ഉത്തരവാദിത്വപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും തങ്ങളുടെ സേവനങ്ങൾ സ്തുത്യർഹമായി നിറവേറ്റി. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്ക് അതീതമായ സഹകരണം ഭൂരിപക്ഷം ജനപ്രതിനിധികളുടെ ഭാഗത്തു നിന്നും ലഭിച്ചത് പ്രത്യേകം പരാമർശിക്കേണ്ടതാണ്.

..................................................

'കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ കൊയ്ത്ത്, കുടിവെള്ള പ്രശ്നങ്ങളിലും ഇടപെടേണ്ടി വന്നു. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സഹകരണം മൂലം തടസങ്ങളൊക്കെ ഭംഗിയായി ഒഴിവാക്കി. മന്ത്രിമാരായ പി.തിലോത്തമനും വി.എസ്.സുനിൽകുമാറും എല്ലാ കാര്യങ്ങളിലും ഒപ്പമുണ്ടായിരുന്നു. കളക്ടർ എം. അഞ്ജനയുടെയും ജില്ലാ പൊലീസ് മേധാവി ജയിംസ് ജോസഫിന്റെയും സേവനങ്ങൾ എടുത്തു പറയേണ്ടതാണ്. ജില്ലയുടെ തെക്ക്, കിഴക്കൻ മേഖലയിലെ ഒന്നു രണ്ട് സി.ഐമാർ മാത്രമാണ് സർക്കാർ നിലപാടിന് വിരുദ്ധമായ ചില നടപടികൾ സ്വീകരിച്ചത്'

(മന്ത്രി ജി. സുധാകരൻ)