 പൊലീസ് ശക്തമായ നടപടികളിലേക്ക്

ആലപ്പുഴ: കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി ജില്ലാഭരണകൂടം രംഗത്ത്. പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും രോഗവ്യാപനം തടയാനുമായി ഇവരെ അറസ്റ്റ് ചെയ്ത് ഐസൊലേഷനിലേക്ക് മാറ്റാൻ പൊലീസിനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും കളക്ടർ എം. അഞ്ജന നിർദ്ദേശം നൽകി.

വീടുകളിൽ നിരീക്ഷണത്തിലുള്ളവർ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ മറികടന്ന് ക്വാറന്റൈൻ ലംഘിക്കുകയാണെങ്കിൽ ഇവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം കേസെടുക്കും. 10,000 രൂപ പിഴയോ രണ്ടു വർഷം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ചുമത്താം. ക്വാറന്റൈൻ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്തശേഷം, ആരോഗ്യവകുപ്പിന്റെ ഉപദേശമനുസരിച്ച് കൊവിഡ് കെയർ സെന്ററിലേക്കോ ആശുപത്രി ഐസൊലേഷനിലേക്കോ മാറ്റും. അമ്പലപ്പുഴയിൽ ക്വാറന്റൈൻ ലംഘിച്ച ഒരാളെ കളക്ടറുടെ കർശന നിർദ്ദേശത്തെ തുടർന്ന് ആരോഗ്യ പ്രവർത്തകരും പൊലീസും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷനിലേക്കു മാറ്റി.

നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കടുത്ത് വീടുകളിൽ ഐസൊലേഷനിലുള്ളവരുടെ ആരോഗ്യസ്ഥിതി കൂടുതൽ ഫലപ്രദമായി നിരീക്ഷിക്കാനും ജില്ലാ ഭരണകൂടം നടപടിയെടുത്തു. സമ്മേളനത്തിൽ പങ്കെടുത്തു തിരിച്ചെത്തി വീടുകളിൽ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന എട്ടുപേരെ ആലപ്പുഴ റെയ്ബാനിലെ കൊവിഡ് കെയർ സെന്ററിലേക്കുമാറ്റി. കഴിഞ്ഞ ദിവസം വീട്ടിലെ നിരീക്ഷണത്തിൽ നിന്ന് ചാടിപ്പോയ ആളെ വളഞ്ഞവഴിയിൽ വച്ച് രാത്രി അമ്പലപ്പുഴ പൊലീസ് പിടികൂടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസോലേഷനിൽ എത്തിച്ചു. ആലപ്പുഴയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം ഇയാളെ കണ്ടെത്തിയ സ്ഥലത്ത് അണുനശീകരണം നടത്തിയിരുന്നു.

 വിലക്ക് ലംഘനം വ്യാപകം

നിരോധാനജ്ഞ നിലവിലുണ്ടെങ്കിലും അനാവശ്യമായി ഇരുചക്രവാഹനക്കാർ നിരത്തിൽ വ്യാപകമാണ്. പൊലീസിന്റെ കണ്ണുവെട്ടിച്ച് ഊടു വഴികളിലൂടെ കറങ്ങുന്ന ഇക്കൂട്ടരെ പിടികൂടാനും കഴിയുന്നില്ല. കഴിഞ്ഞ ദിവസം മുതൽ ഡ്രോണിന്റെ സഹായത്തോടെ പൊലീസ് നിരീക്ഷണം വ്യാപകമാക്കിയിരുന്നു. ഒന്നിലധികം തവണ അനാവശ്യമായി വാഹനം നിരത്തിലിറക്കിയതിന് 56 കേസുകൾ രജിസ്റ്റർ ചെയ്തു. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും. ഇരുചക്ര വാഹനവുമായി അനാവശ്യമായി സഞ്ചരിക്കുന്നതിൽ കൂടുതലും മയക്കുമരുന്ന് സംഘത്തിലെ കണ്ണികളാണ്. നിയന്ത്രണങ്ങൾ ലംഘിച്ച് വാഹനവുമായി ഇറങ്ങിയവർക്കെതിരെ പൊലീസ് പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്.