ആലപ്പുഴ: മത്സ്യത്തൊഴിലാളികൾക്ക് 5000 രൂപ പലിശരഹിത വായ്പ നൽകുമെന്ന മത്സ്യഫെഡ് ചെയർമാന്റെ പ്രസ്താവന സംസ്ഥാന സർക്കാർ കഴിഞ്ഞ നാല് വർഷമായി മത്സ്യമേഖലയിൽ നടത്തി കൊണ്ടിരിക്കുന്ന നുണപ്രചാരണത്തിന്റെ മറ്റൊരു പൊളളത്തരമാണെന്ന് മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഏ.കെ.ബേബി ആരോപിച്ചു. പത്രവാർത്ത വായിക്കുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രഖ്യാപനം നടത്തി 98 ശതമാനം തൊഴിലാളികളെയും വായ്പാ മാനദണ്ഡത്തിന് പുറത്താക്കി.

മത്സ്യത്തൊഴിലാളി സംഘങ്ങളുടെ കീഴിൽ തീരദേശ മത്സ്യ ലേലം നടന്നി വരുന്ന വള്ളങ്ങളിലെ തൊഴിലാളികളാണ് വായ്പാ പരിധിയിൽ വരുന്നത്. സംഘങ്ങൾക്ക് മത്സ്യഫെഡിൽ നിന്ന് മത്സ്യബന്ധന ഉപകരണങ്ങളോ മറ്റും വായ്പകളോടെ കൊടുത്തിട്ടുണ്ടെങ്കിൽ അത്തരം വായ്പകളുടെ 75 ശതമാനം തിരിച്ചടവും ബാധകമാണ്. വായ്പാ തുക രണ്ടു മാസങ്ങൾക്ക് ശേഷം ഗഡുക്കളായി മത്സ്യത്തൊഴിലാളികൾ തിരിച്ചടക്കണം. മത്സ്യഫെഡ് നിഷ്‌കർഷിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം സംസ്ഥാനത്തെ രണ്ടു ശതമാനം തൊഴിലാളികൾ മാത്രമാണ് വായ്പാ പരിധിക്കുള്ളി​ൽ വരികയുള്ളു. എല്ലാ മത്സ്യത്തൊഴിലാളികൾക്കും വായ്പാ നൽകുവാൻ മത്സ്യഫെഡ് തയ്യാറാകണം
കൊവിഡ് പ്രതിസന്ധിക്ക് മുമ്പു തന്നെ മത്സ്യമേഖല മാസങ്ങളായി മീനില്ലാതെ വറുതിയിലാണ്.

അടിസ്ഥാനപരമായ പദ്ധതികളാണ് മത്സ്യ-അനുബന്ധ മേഖലയിൽ ഉണ്ടായിട്ടുള്ള പ്രതിസന്ധിക്ക് പരിഹാരം. അല്ലാതെ വായ്പാ പ്രഹസനം പരിഹാരമാകില്ല.
മത്സ്യബന്ധനത്തിനും മത്സ്യ വില്പനയ്ക്കും നിരോധനമില്ലെന്ന സർക്കാർ പ്രഖ്യാപനം ഇരട്ടത്താപ്പാണ്.
മത്സ്യ - അനുബന്ധത്തൊഴിലാളി കുടുംബങ്ങളുടെ ദുരിതത്തിന് പരിഹാരമുണ്ടാക്കുന്നതിന് പ്രതിമാസം ഒരു കുടുബത്തിന് 10000 രൂപ ലഭിക്കുന്ന തരത്തിലുള്ള പാക്കേജ് അടിയന്തിരമായി സർക്കാർ പ്രഖ്യാപിക്കണമെന്നും എ.കെ.ബേബി ആവശ്യപ്പെട്ടു.