ആലപ്പുഴ: ആർഭാടങ്ങളി​ല്ലാതെ മിന്നുകെട്ട്, കമ്യൂണിറ്റി കിച്ചണിൽ തയ്യാറാക്കിയ സദ്യവട്ടം ഭക്ഷണത്തിനായി കാത്തിരുന്ന വീടുകളിലേക്ക്. കൊവിഡ് തീർത്ത പരമിതികൾക്കിടിയി​ൽ ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രനടയിലാണ് ലളിതമായ വിവാഹചടങ്ങ് നടന്നത്.

എറണാകുളത്ത് എൻഫീൽഡ് ബൈക്ക് സർവീസ് സെന്റർ നടത്തുന്ന ആലപ്പുഴ തിരുമല പോഞ്ഞിക്കര പുതുവേലിൽ വീട്ടിൽ പ്രദീപ് കുമാറിന്റെയും സിന്ധുവിന്റെയും മകളായ പ്രസീദയായി​രുന്നു വധു.

ആലപ്പുഴ കരളകം വാർഡിൽവിവേക് നിവാസിൽ ശശികുമാർ-ശോഭ ദമ്പതികളുടെ മകൻ വിവേക് വരനും. മസ്കറ്റിൽ ജോലി ചെയ്യുന്ന വിവേകും ബിടെക് കഴിഞ്ഞ് കൺസ്ട്രക്ഷൻ കമ്പനിയിൽ സൈറ്റ് എൻജിനിയറായി ജോലി ചെയ്യുന്ന പ്രസീദയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ജൂലായ് മാസത്തിലാണ് നടന്നത്.

ഇന്നലെ കളർകോട് അഞ്ജലി ഓഡിറ്റോറിയത്തിൽ വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്.ബന്ധുക്കളെ ക്ഷണിക്കുന്നതടക്കം വിവാഹത്തി​ൻെറ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ അപ്രതീക്ഷിതമായെത്തിയ കൊവിഡ് എല്ലാം മാറ്റി മറിച്ചു.

രാവിലെ 10. 30 നും 11 നുമിടയി​ൽ വധൂവരന്മാരുടെ മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിൽ താലികെട്ട് നടന്നു. ക്ഷേത്ര ശാന്തി കാർമികനായി. വിവാഹത്തിന്റെ സന്തോഷത്തിന് 300 വീടുകളിൽ ഭക്ഷണമെത്തിക്കാൻ ഇരു വീട്ടുകാരും തീരുമാനിച്ചു. ആലപ്പുഴ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, കൗൺസിലർ ആർ.ആർ. ജോഷിരാജ് എന്നിവരുടെ മേൽനോട്ടത്തിൽ വടികാട് സ്കൂളിലെ കമ്യൂണിറ്റി കിച്ചണിൽ പായസം ഉൾപ്പെടെയുള്ള സദ്യ തയ്യാറാക്കി. പൊതികളാക്കിയാണ് സദ്യ ആവശ്യമായ വീടുകളിൽ എത്തിച്ചത്.സദ്യ ആവശ്യക്കാർക്ക് എത്തിക്കാൻ വേണ്ട ഏർപ്പാട് ചെയ്ത ശേഷമാണ് വധൂവരന്മാർ വരന്റെ വീട്ടിലേക്ക് യാത്രയായത്..