ബംഗളുരുവിൽ നിന്ന് മരുന്നുമായി ആലപ്പുഴയിലേക്ക് കാറിൽ
ആലപ്പുഴ:മുഖ്യമന്ത്റിയുടെ സമയോചിത ഇടപെടലും രണ്ടു യുവാക്കളുടെ ത്യാഗ സന്നദ്ധതയും സർക്കാർ സംവിധാനങ്ങളുടെ ഇടപെടലും ഒത്തുചേർന്നപ്പോൾ അത്യാസന്ന നിലയിലുള്ള രോഗിക്ക് ബംഗളുരുവിൽ നിന്ന് ജീവൻരക്ഷാ ഔഷധം മണിക്കൂറുകൾക്കുള്ളിൽ ആലപ്പുഴയിലെത്തി.
ക്രൈം ത്രില്ലർ സിനിമകളിലെ രംഗങ്ങൾക്കു സമാനമായ 'തിരക്കഥ'യിൽ ഒരുങ്ങിയ ജീവൻരക്ഷായാത്രയുടെ ക്ളൈമാക്സ് ഇന്നലെയായിരുന്നു. രോഗിയുടെ ബന്ധുക്കളുടെ അഭ്യർത്ഥന പ്രകാരം മുഖ്യമന്ത്റിയുടെ ഓഫീസാണ് അടിയന്തരനടപടി കൈക്കൊള്ളാൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകിയത്. ഇതോടെ നടപടികൾ അതിവേഗം ആരംഭിച്ചു. വളരെ വിലകൂടിയ രണ്ടു മരുന്നുകളും ആലപ്പുഴയിൽ ലഭ്യമായിരുന്നില്ല. ഒന്ന് കോഴിക്കോട് ലഭ്യമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഫ്ളൈയിംഗ് സ്‌ക്വാഡിന്റെ സഹായത്തോടെ ഈ മരുന്ന് പൊലീസ് എത്തിച്ചു.
എന്നാൽ രണ്ടാമത്തെ മരുന്ന് മറുനാട്ടിൽ നിന്ന് കൊണ്ടുവരേണ്ട സാഹചര്യമുണ്ടായി. മരുന്നിന്റെ പണം മുൻകൂറായി ബംഗളുരുവിലെ ഫാർമസിയിൽ അടച്ചതിന്റെ രസീത്, ഡോക്ടറുടെ കുറിപ്പടി, പൊലീസിന്റെ അപേക്ഷ എന്നിവ സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി വി.എൻ. സജി, കൊവിഡ് ചുമതല വഹിക്കുന്ന സ്പെഷ്വൽ ബ്രാഞ്ച് എസ്.ഐ ലാൽജി, ഡി.എം.ഒ എന്നിവർ തയ്യാറാക്കി ബംഗളുരു മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടു. അവിടെ ജോലി ചെയ്യുന്ന മാവേലിക്കര സ്വദേശി രാജൻ പി.വർഗ്ഗീസ്, പത്തനംതിട്ട സ്വദേശി ഷൈൻ ഡാനിയേൽ എന്നിവർ മരുന്നുമായി സ്വന്തം കാറിൽ വരാമെന്ന് അറിയിച്ചു. നാലാം തീയതി രാവിലെ ഇവർ യാത്ര പുറപ്പെട്ടു.
തുടക്കത്തിലേ തടസം
എന്നാൽ യാത്രയുടെ തുടക്കത്തിൽ തന്നെ തടസങ്ങളും തുടങ്ങി. കർണാടക പൊലീസിന്റെ അനുമതിക്കായി നാലു മണിക്കൂറോളം പല ഓഫീസുകൾ കയറിയിറങ്ങി. തുടർന്ന് നിരവധി ചെക്ക് പോസ്റ്റുകളിലെ പരിശോധനകളും കടക്കേണ്ടിവന്നു. പലപ്പോഴും പൊലീസ് തിരിച്ചയച്ചു. മുത്തങ്ങയിൽ എത്തിയപ്പോൾ വയനാട് കളക്ടറുടെ അനുമതിയും റവന്യു ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യവും ആവശ്യപ്പെട്ടു. തുടർന്ന് ആലപ്പുുഴ കളക്ടർ വയനാട് കളക്ടറുമായി ബന്ധപ്പെടുകയും റവന്യു ഉദ്യോഗസ്ഥരെ അങ്ങോട്ടേക്ക് അയയ്ക്കുകയും ചെയ്തു.
ഇതിനിടെ പലയിടങ്ങളിലും ആലപ്പുഴ പൊലീസ് നേരിട്ട് വിളിക്കുകയും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ചെയ്തു. ഇന്നലെ രാവിലെ 8.30 ന് രാജനും ഷൈനും മരുന്നുമായി ആലപ്പുഴയിൽ എത്തി പൊലീസിന് കൈമാറി. രാജൻ കർണാടകയിൽ പ്രമുഖ ഇൻഷ്വറൻസ് കമ്പനിയിലെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റാണ്. ഷൈൻ കർണാടകയിൽ നഴ്‌സിംഗ് കോളേജ് നടത്തുന്നു. ഭക്ഷണം പോലും കിട്ടാതെയാണ് ബന്ദിപ്പൂർ വനാന്തരങ്ങൾ ഇവർ മറികടന്നത്.