അമ്പലപ്പുഴ: കൊല്ലം കിളികൊല്ലൂരിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നു മുങ്ങി റെയിൽവെ ട്രാക്കിലൂടെ നടന്ന് അമ്പലപ്പുഴയിലെത്തിയ യുവാവിനെ നാട്ടുകാർ തടഞ്ഞ് പൊലീസിൽ ഏല്പിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി അഷ്റഫാണ് (30) പിടിയിലായത്.
ശനിയാഴ്ച രാത്രി 7 ഓടെയാണ് ഇയാൾ ട്രാക്കിലൂടെ നടന്നു വന്നത്. സംശയം തോന്നിയ നാട്ടുകാർ വിവരം തിരക്കിയപ്പോൾ തിരുവനന്തപുരത്ത് ജോലിതേടി പോയതാണന്നും ജോലി കിട്ടാതെ കൊല്ലത്തെത്തിയപ്പോൾ ആരോഗ്യ പ്രവർത്തകർ കിളികൊല്ലൂരിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചെന്നും പറഞ്ഞു. അവിടെ നിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രക്ഷപ്പെട്ട് റയിൽവേ ട്രാക്കിലൂടെ നടന്നാണ് അമ്പലപ്പുഴയിൽ എത്തിയതെന്നും അഷ്റഫ് വിശദീകരിച്ചു. അമ്പലപ്പുഴ പൊലീസിന്റെ നേതൃത്വത്തിൽ ഇയാളെ ആലപ്പുഴ മെഡി. ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.