ഹരിപ്പാട്: വില്പനയ്ക്കുള്ള ചാരായവുമായി ബൈക്കിൽ പോയ കോൺഗ്രസ് നേതാവും സുഹൃത്തും പിടിയിൽ. കോൺഗ്രസ് ഹരിപ്പാട് ബ്ലോക്ക് എക്സികുട്ടിവ് അംഗം കരുവാറ്റ ഷാജി ബിൽഡിംഗിൽ മുഹമ്മദ് സനൽ (36), പുതുക്കാട്ടിൽ വീട്ടിൽ ഗിരീഷ് (22) എന്നിവരെയാണ് ഒന്നര ലിറ്റർ ചാരായവും 10,030 രൂപയുമായി കരുവാറ്റ ടി.ബി ജംഗ്ഷനു സമീപത്തുനിന്ന് ഹരിപ്പാട് എക്സൈസ് സംഘം പിടികൂടിയത്. മറ്റു രണ്ടു ബൈക്കുകളും എക്സൈസ് കസ്റ്റഡിയിലെടത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സനലിനെയും സംഘത്തെയും എക്സൈസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. ബ്ളോക്ക് എക്സിക്യുട്ടീവ് സ്ഥാനത്തുനിന്നു സനലിനെ സസ്‌പെൻഡ് ചെയ്തതായി ബ്ലോക്ക് പ്രസിഡന്റ് എം.ആർ. ഹരികുമാർ അറിയിച്ചു. ഗിരീഷ് ബി.ജെ.പി പ്രവർത്തകനാണെന്ന പ്രചാരണം തെറ്റാണെന്നും 2017ൽ ബി.ജെ.പി പ്രവർത്തകനെ മർദ്ദിച്ച കേസിൽ ഇയാൾ പ്രതിയാണെന്നും ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് വിനോദ് അറിയിച്ചു. കഴിഞ്ഞ ദിവസം കരുവാറ്റയിൽ എക്സൈസ് നടത്തിയ റെയ്‌ഡിൽ 350 ലിറ്റർ കോട പിടികൂടിയിരുന്നു.
ഹരിപ്പാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. രാജൻ ബാബുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇൻസ്‌പെക്ടർ വി. അരുൺ കുമാർ, പ്രീവന്റീവ് ഓഫീസർമാരായ ടി.എ. വിനോദ് കുമാർ, പി.ആർ. വിനോദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി. ജയേഷ്, വി.കെ. രാജേഷ് കുമാർ, ഡ്രൈവർ സി. സുഭാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.