ആലപ്പുഴ: അരൂർ മണ്ഡലത്തിലെ തീരദേശ മേഖലയ്ക്കും മത്സ്യത്തൊഴിലാളികൾക്കും പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന ഷാനിമോൾ ഉസ്മാൻ എം.എൽ.എ ആവശ്യപ്പെട്ടു. മത്സ്യബന്ധനവും സംസ്‌കരണവും അനുബന്ധ വ്യവസായങ്ങളും ഉൾപ്പെട്ടതാണ് അരൂർ മത്സ്യമേഖല. തീരദേശമേഖലയിലെ മത്സ്യത്തൊഴിലാളികൾ ഉൾനാടൻ മത്സ്യത്തൊഴിലാളികൾ എന്നിവർക്കു പുറമേ പീലിംഗ് ഷെഡ് തൊഴിലാളികളുമാണ് അരൂരിലെ മത്സ്യമേഖലയിൽ ജോലി ചെയ്യുന്നത്. ഇവർക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കൊവിഡിനോട് അനുബന്ധിച്ച് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ മേഖല പൂർണമായും സ്തംഭിച്ചു. ദുരിതത്തിലൂടെ കടന്നു പോവുകയാണെന്ന് ഷാനിമോൾ പറഞ്ഞു. തീരദേശ മേഖലയ്ക്കും മത്സ്യത്തൊഴിലാളികൾക്കും പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കഴിഞ്ഞദിവസം കളക്ടറേറ്റിൽ വച്ച് നടന്ന വീഡിയോ കോൺഫറൻസിൽ വച്ച് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. മുഖ്യമന്ത്രി ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി.